ആള്‍ക്കൂട്ടത്തിരക്കില്‍ ചോദ്യങ്ങള്‍ ചോദിച്ച രവി; പ്രിയസുഹൃത്തിനെ ഓര്‍ത്ത് മമ്മൂട്ടി

ചലചിത്ര സീരിയല്‍ നടൻ രവി വള്ളത്തോൾ(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് രവിവള്ളത്തോൾ. സുഹൃത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മമ്മൂട്ടി പോസ്റ്റ് ചെയ്ത കുറിപ്പ്:

രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.