‘കോവിഡ് രോഗം മാറിയാൽ വന്നുകണ്ടോട്ടെ?’; നിവിൻ പോളിയോട് പത്താംക്ലാസുകാരി; ഹൃദ്യം

കേരളത്തിൽ കോവിഡ് ബാധിച്ചവരും നിരീക്ഷണത്തിൽ കഴിയുന്നവരും വലിയ പിരുമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. ഭക്ഷണവും വെള്ളവുമടക്കം എല്ലാ സഹായങ്ങളും നൽകി പിന്തുണച്ച് കേരളത്തിലെ യുവജന സംഘടനകളും സജീവമാണ്. ഇക്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് മുന്നോട്ടുവച്ച ‘ഓൺകാൾ’ ക്യാംപെയിൻ ശ്രദ്ധ നേടുകയാണ്. രോഗം ബാധിച്ചവരോടും അവർക്ക് പിന്തുണയുമായി നിൽക്കുന്നവരോടും പ്രമുഖർ ഫോണിൽ സംസാരിക്കുന്നതാണ് ക്യാംപെയിന്റെ പ്രധാന ആശയം.

നിവിൻ പോളിയായിരുന്നു ക്യാംപെയിന് തുടക്കമിട്ട് ഓൺകോളിൽ എത്തിയ ആദ്യ പ്രമുഖ വ്യക്തി. കാസർകോട് ചികിൽസയിൽ കഴിയുന്നവരോടും ആരോഗ്യപ്രവർത്തകരോടും താരം ഫോണിൽ സംസാരിച്ചു. ഇക്കൂട്ടത്തിൽ നിവിൻ പോളിയുടെ ആരാധികയും ചികിൽസയിൽ കഴിയുന്ന പത്താംക്ലാസുകാരിയും ഉൾപ്പെട്ടിരുന്നു. നാളെ മഞ്ജു വാരിയരാണ് ക്യംപെയിനിൽ എത്തുന്നത്. 

കുറിപ്പ് വായിക്കാം: മലയാളിയുടെ പ്രിയതാരം നിവിൻ പോളിയായിരുന്നു ഓൺകോൾ പരിപാടിയിൽ ആദ്യ അതിഥിയായിയെത്തിയത് .

കേരളത്തിൽ ഏറ്റവും അധികം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട  കാസർഗോഡ് ജില്ല സർക്കാർ ആശുപത്രിയിലെ ഡോ. ഗണേഷിനോടാണ് ആദ്യം സംസാരിച്ചത്. രോഗികളെക്കാൾ സമ്മർദ്ദത്തിൽ രോഗത്തോട് പോരാടുകയും, ഈ വൈറസിനെ പൂർണമായി തുരത്തുന്നത് വരെ  കുടുംബത്തിൽ നിന്നും അകന്ന് കഴിയണ്ടി വരികയും ചെയ്യുന്ന മുഴുവൻ ഡോക്ടർമാരുടെയും പ്രതിനിധിയായാണ് ഗണേഷ് സംസാരിച്ചത്. നിവിനോട് സംസാരിക്കുമ്പോൾ ഡോക്ടർക്ക്  അഭ്യർത്ഥിക്കാനുണ്ടായിരുന്നത് തങ്ങൾ ഈ ത്യാഗം സഹിക്കുന്നതും കഷ്ടപ്പാടനുഭവിക്കുന്നതും നാടിനെ ഈ വിപത്തിൽ നിന്ന് കരകയറ്റാനാണ്. അതിനാൽ പൊതുജനങ്ങൾ പരിപൂർണ്ണമായ ജാഗ്രത പാലിക്കുകയും ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കുകയും ചെയ്യണമെന്നാണ്. നാടിന്റെ യഥാർത്ഥ കാവൽക്കാർ നിങ്ങളാണെന്ന്  പറഞ്ഞു നിവിൻ നന്ദി പറഞ്ഞപ്പോൾ ഡോക്ടറുടെ മറുപടി "ഇത്  എന്റെ മിടുക്കല്ല ഞങ്ങൾ ഒരു ടീമാണ്" എന്നായിരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ ഒന്നാമത്തെ ദിവസം തൊട്ട് കഠിനാധ്വാന ചെയ്യുന്ന മുഴുവൻ ഡോക്ടർമാർക്കും നിവിൻ നന്ദി പറഞ്ഞു.

രണ്ടാമത്തെ കോൾ അവിടുത്തെ തന്നെ സ്റ്റാഫ്‌ നേഴ്സ് ദിവ്യക്ക് ആയിരുന്നു. നിവിൻ പോളി  ആണ് ലൈനിൽ എന്നറിഞ്ഞപ്പോൾ ആദ്യം ദിവ്യ വിശ്വസിച്ചില്ല. നിവിനാണ് എന്ന് ബോധ്യമായപ്പോൾ കേരളത്തിൽ ലക്ഷക്കണക്കിന് നഴ്സുമാരുള്ളപ്പോൾ എന്നെ എന്തിനു വിളിക്കുന്നു എന്ന അമ്പരപ്പ് ആയി.  പതുക്കെ ആ  അമ്പരപ്പിൽ നിന്ന് മോചിതയായപ്പോൾ  തൊഴിൽ സാഹചര്യങ്ങളെ പറ്റി  വാചാലയായി. കോൾ ലൗഡ് സ്പീക്കറിലിട്ട് തന്റെ കൂടെയുള്ള നഴ്സ്മാരെ പ്രിയ താരത്തിന്റെ വാക്കുകൾ കേൾപ്പിക്കാനും ദിവ്യ മറന്നില്ല. അവരോടെല്ലാമായിട്ട് നിവിൻ പറഞ്ഞത് നിങ്ങൾ ജീവൻ പണയപ്പെടുത്തി മറ്റുള്ളവർക്കായി ചെയ്യുന്നന്ന ഈ മഹദ് സേവനത്തിന് വാക്കുകൾ കൊണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാകാതെ വരുമെന്നാണ്. കേരളത്തിലെ മാലാഖമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നിവിൻ ആ സംഭാഷണം അവസാനിപ്പിക്കുമ്പോൾ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടെയും കുടുംബത്തോടായി പറയാനുണ്ടായിരുന്നത് "നിങ്ങളുടെ കുടുംബാഗം ഈ പ്രതിസന്ധിയുടെ കാലത്ത് ചെയ്തു കൊണ്ടിരിക്കുന്ന അങ്ങേയറ്റം സാഹസം നിറഞ്ഞ ഈ സേവനങ്ങൾക്ക് ഈ നാട് തന്നെ നിങ്ങളെ വണങ്ങുന്നു " എന്നാണ്.

പിന്നെയാണ്  കാസർകോട്ടെ തന്നെ പ്രായം കുറഞ്ഞ കോവിഡ് ബാധിതയായി  ഐസൊലേഷനിൽ കഴിയുന്ന പത്താം ക്ലാസ്സുകാരിയായ ആ  മിടുക്കിക്ക് കോൾ എത്തുന്നത്. "പ്രേമം" സിനിമയിലെ ജോർജ്ജിന്റെ ആരാധികയായ അവൾക്ക് പ്രിയ താരത്തിന്റെ ശബ്ദം നല്കിയ ആശ്വാസം ചെറുതല്ല. അപ്പോൾ തന്നെ ഈ സന്തോഷം കൂട്ടുകാരെ അറിയിക്കാനുള്ള ധൃതിയിൽ ആയിരുന്നു അവൾ. അസുഖവിവരങ്ങൾ അന്വേഷിക്കുന്നതിന് ഒപ്പം തന്നെ അസുഖം ഭേദമായി കഴിഞ്ഞാൽ കാസർകോഡ് വരുമ്പോൾ കുറച്ചു നേരം ഒപ്പം ചിലവഴിക്കാം എന്ന് കൂടി ഉറപ്പ് കൊടുത്തിട്ടാണ് നിവിൻ കോൾ അവസാനിപ്പിച്ചത്.

കാസർകോട്ടെ ഒരു കുടുംബത്തിൽ തന്നെ മൂന്നു പേർക്ക് രോഗം പിടിപ്പെട്ടതിൽ ഒരാൾ, തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന വണ്ടൂർ സ്വദേശി, സൗദി അറേബ്യയിൽ നഴ്സായി ജോലിക്കിടയിൽ നാട്ടിൽ ലിവിനു വന്ന്  ക്വാറന്റീനിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനി തുടങ്ങി നിരവധി പേർക്ക് ആശ്വാസമായി നിവിന്റെ വാക്കുകൾ മാറി.

ഇറ്റലിയിൽ നിന്ന് രോഗം പിടിപെട്ട് നാട്ടിലെത്തിയ ധനേഷിനോട് സംസാരിക്കുമ്പോൾ ഇറ്റലിയിൽ ഇത്രയധികം രോഗം വ്യാപിക്കാനുള്ള കാരണം ആരാഞ്ഞു. സർക്കാർ നിർദേശാനുസരണം ദുബായിൽ പോയി മടങ്ങിയെത്തിയതാണ് കൊല്ലത്തെ ഹയർ സെക്കൻഡറി അധ്യാപകൻ. വീടിന്റെ ഔട്ട് ഹൗസിൽ ക്വാറൻ്റൈനിൽ കഴിയുമ്പോൾ  അദ്ദേഹത്തിന് ആശ്വാസമായി നിവിന്റെ കോൾ. പാലക്കാട് കോട്ടോപാടം സ്വദേശിക്ക് നിവിന്റെ കോൾ "തനിച്ചല്ല" എന്ന ആത്മവിശ്വാസമേകി. പിഎച്ച്‌‌യുവിലെ ഡോക്ടറായ ദിയയ്ക്ക് നിവിനോട് പറയാനുണ്ടായിരുന്നത് ക്വാറൻ്റൈനിൽ കഴിയണമെന്ന നിർദ്ദേശം പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരെ കുറിച്ചായിരുന്നു. സോഷ്യൽ ഡിസ്റ്റന്സിംഗിന്റെ പ്രാധാന്യം തുടർച്ചയായി നിവിനെ പോലെയുള്ളവർ  ഓർമ്മപ്പെടുത്തണമെന്ന് ഡോക്ടറുടെ നിർദ്ദേശം നിവിനും ഉൾക്കൊണ്ടു.

ഏറ്റവും ഒടുവിലെ കോൾ പത്തനംതിട്ട സ്വദേശിയായ സോജു ജോഷ്വാ എന്ന ചലച്ചിത്ര പ്രവർത്തകനായിരുന്നു. സോജു സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ആവശ്യങ്ങൾക്കായി ഒമാനിൽ പോയി വന്ന ശേഷം ക്വാറന്‍റീനില്‍ കഴിയുമ്പോഴാണ് കോൾ എത്തിയത്. സിനിമാ വിശേഷം പറയുന്നതിനിടയിൽ ഇടപെട്ടു കൊണ്ട് സോജുവും നിവിനും ഒന്നിക്കുന്ന ഒരു സിനിമയുണ്ടാകട്ടെയെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആശംസിച്ചു.