മമ്മൂട്ടി പറഞ്ഞ ദിവസക്കൂലിക്കാരുടെ വേദന; അതിജീവിക്കാൻ ഈ നൻമയും വേണം; കുറിപ്പ്

‘ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം.’ മമ്മൂട്ടിയുടെ ഇൗ വാക്കുകൾ സൈബർ ലോകത്ത് എങ്ങും നിറയുകയാണ്. അറിയാമെങ്കിലും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം വാക്കുകൾ കൊണ്ട് തൊട്ടുകാണിക്കുകയായിരുന്നു മമ്മൂട്ടി. ഇതിന് പിന്നാലെ ഈ ആശയത്തിന് കയ്യടിച്ച് ഫെയ്സ്ബുക്ക് കുറിപ്പുകളും സജീവമായി.

ഡോക്ടർ നെൽസൺ ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലും മമ്മൂട്ടി കാട്ടിതന്ന ഇൗ നൻമയെ കുറിച്ചാണ് പറയുന്നത്. 

കുറിപ്പ് വായിക്കാം:

മമ്മൂട്ടിയെന്ന അഭിനേതാവിനെക്കുറിച്ച് പലരും എഴുതിക്കണ്ടിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചു മുതൽ ചിത്രങ്ങളെക്കുറിച്ചു വരെ. പ്രായം റിവേഴ്സ് ഗിയറിലോടുന്നയാളെന്ന് അദ്ദേഹത്തെ പുകഴ്ത്തിക്കണ്ടിട്ടുണ്ട്..അതിൻ്റെ രഹസ്യമെന്താണെന്ന് ചോദിക്കാത്ത അഭിമുഖങ്ങൾ ചുരുക്കമായിരിക്കും. മമ്മൂട്ടിയെന്ന മനുഷ്യനെക്കുറിച്ചുകൂടി പറയേണ്ടത് അത്യാവശ്യമാണ്..

പലരും പലതും പറഞ്ഞിട്ടും മറന്നുപോയ, മറന്നുപോവുന്ന കാര്യമാണ് കോവിഡ് ആക്രമിക്കുമ്പൊ അരികുവൽക്കരിക്കപ്പെട്ട ആൾക്കാർ എങ്ങനെ അതിജീവിക്കുന്നുവെന്നത്.ദിവസക്കൂലിക്കാർ, അന്നന്നത്തെ അന്നം മാത്രം അന്നന്ന് ഉണ്ടാക്കാൻ കഴിയുന്നവർ, അതിനപ്പുറത്തേക്ക് സാധിക്കാത്തവർ.. ഒരു ദിവസം കർഫ്യൂ എന്ന് കേൾക്കുമ്പൊ കടകളിലേക്ക് ഇടിച്ചുകയറാൻ പാങ്ങില്ലാത്തവർ.

അവരെ കരുതണമെന്ന് മമ്മൂട്ടിയെപ്പോലെ വലിയൊരു ആരാധകവൃന്ദമുള്ളൊരാൾ ഓർമിപ്പിക്കുമ്പൊ ഒരു ചെറിയ ശതമാനമെങ്കിലും അതിനു ശ്രമിച്ചാൽ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.അടുത്തുള്ളവരെ കാണണമെന്നും അവർക്കുവേണ്ടിയും കരുതണമെന്നും ഈ നേരത്ത് ഓർമിപ്പിക്കാൻ തോന്നിയ ആ മനസിനോട് ഒരുപാട് സ്നേഹം.ഇൻഫോക്ലിനിക് കുറിപ്പുകൾ ഒന്നിലേറെത്തവണ പങ്കുവച്ചിരുന്നുവെന്നതിൽ ചെറുതല്ലാത്തൊരു അഭിമാനവുമുണ്ട്. ഈ സമയവും അതിജീവിക്കാൻ ഇതുപോലെ നന്മയും കൂടിയേ തീരൂ.