'വീണ്ടും ആ ഓർമ്മപ്പടികൾ കയറി'; പ്രണയവർണ്ണങ്ങൾ ഓർത്ത് മഞ്ജു

മലയാളികൾക്കു എന്നും പ്രിയപ്പെട്ട ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍. ചിത്രത്തിലെ ഓരോ ഗാനങ്ങളും രംഗങ്ങളുമൊക്കെ ഇന്നും പ്രേക്ഷകർക്കിഷ്ടമാണ്. ചിത്രത്തിലെ രംഗങ്ങളിൽ മിന്നിമായുന്ന പ്രധാന ഇടങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ നായികമാരായ മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റല്‍.

ഇപ്പോഴിതാ പ്രണയവർണങ്ങൾ പുറത്തിറങ്ങി നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കോണി പടികള്‍ കയറിയിരിക്കുകയാണ് മഞ്ജു. 98-ൽ ഇറങ്ങിയ പ്രണയവർണങ്ങളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന പടികെട്ടുകളില്‍ കൂടി വീണ്ടും നടന്നുകയറുന്ന വിഡിയോ മഞ്ജു തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മഞ്ജുവും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ഹൊറർ ചിത്രമായ 'ചതുര്‍മുഖം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം പഴയ ലൊക്കേഷനില്‍ വീണ്ടുമെത്തിയിരിക്കുന്നത്. 

22 വർഷങ്ങള്‍,പ്രണയവർണ്ണങ്ങൾ പുറത്തിറങ്ങിയത് 98-ൽ ഇതേ ദിവസമായിരുന്നു എന്നു പറഞ്ഞാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്നെ ഓർ‍മകളുടെ ഓരത്തേക്ക് കൊണ്ടുപോയ രാജീവൻ ഫ്രാൻസിസിന് നന്ദിയും താരം അറിയിക്കുന്നു.

1998ല്‍ പുറത്തിറങ്ങിയ പ്രണയവ‍ർണ്ണങ്ങളിൽ സുരേഷ് ഗോപി, മഞ്ജു വാര്യര്‍,ദിവ്യ ഉണ്ണി,ബിജു മേനോന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കളായെത്തിയിരുന്നത്.സിബിമലയിൽ ആയിരുന്നു സംവിധാനം.