ഇരുപതുകാരൻ സംവിധായകൻ, ബഡ്ജറ്റ് പതിനായിരം; പിറന്നത് 'ട്രാൻസിഷൻ'; കയ്യടി

പതിനായിരം രൂപ കൊണ്ടൊരു ചിത്രം, അതാണ് ഇരുപതുകാരനായ സംവിധായകന്‍ കൃഷ്ണനുണ്ണിയുടെ ട്രാന്‍സിഷന്‍ എന്ന സിനിമ. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചിത്രീകരണം പൂര്‍ത്തീകരിച്ച ചിത്രം ബനാറസ് ഫിലിം ഫെസ്റ്റിവലിന് അയക്കാനുള്ള തയാറെടുപ്പിലാണ്.

കൃഷ്ണനുണ്ണിയും സിനിമാ പ്രേമികളായ കൂട്ടൂകാരും ഒന്നിച്ചിരുന്നൊരു സ്വപ്നം കണ്ടു. ആ സ്വപ്നമാണ് ട്രാന്‍സിഷന്‍. മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ ഒരു യുവാവ് കടന്നുപോകുന്ന സന്ദര്‍ഭങ്ങളേയും അയാള്‍ കാണുന്ന വ്യക്തികളേയും ആസ്പദമാക്കിയാണ് ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ.

21 വയസില്‍ താഴെയുള്ള യുവാക്കളാണ് സിനിമയുടെ അണിയറയിലും അരങ്ങത്തും. സംവിധായകന്‍ രാധാകൃഷ്ണന്‍ മംഗലത്തിന്റെ മകനായ കൃഷ്ണനുണ്ണിക്ക് പിന്തുണ അച്ഛന്‍ തന്നെയായിരുന്നു.