‘ഞാൻ ജാക്സനല്ലെടാ...’; വിദ്യാർഥികൾക്കൊപ്പം ആടിതമിർത്ത് സൗബിൻ; വിഡിയോ

കോളജ് വിദ്യാർഥികൾക്കൊപ്പം ചുവടു വച്ച് സൗബിൻ സാഹിർ. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ക്രിസ്മസ് ആഘോഷപരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു സൗബിൻ. വിദ്യാർഥികൾ ആവശ്യപ്പെട്ട പ്രകാരം തന്റെ തന്നെ ചിത്രമായ അമ്പിളിയിലെ ‘ഞാൻ ജാക്സനല്ലെടാ..ന്യൂട്ടനല്ലെടാ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന് താരം ചുവടു വച്ചു.

സൗബിന്റെ ഡാൻസിന്റെ വിഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. അമ്പിളിയിലെ ഗാനരംഗത്തിലെ അതേ ചുവടുകൾ തന്നെയാണ് സൗബിൻ വേദിയിലും അവതരിപ്പിച്ചത്. വിദ്യാർഥികൾക്കൊപ്പം നിറഞ്ഞ ആവേശത്തോടെ ഏറെ ആസ്വദിച്ചാണ് സൗബിന്റെ ഡാൻസ്. 

തേവര സേക്രട്ട് ഹാർട്ട് കോളജിലെ യൂണിയൻ ആഘോഷ പരിപാടിയിൽ അതിഥിയായെത്തിയ മഞ്ജു വാര്യർ വിദ്യാർഥികൾക്കൊപ്പം ചുവടു വച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ തന്നെ സിനിമയിലെ ഗാനങ്ങൾ കൂട്ടിയിണക്കി വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തത്തിൽ അവസാനം മഞ്ജുവും പങ്കു ചേരുകയായിരുന്നു. വലിയപെരുന്നാൾ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെത്തിയ ഷെയ്ൻ നിഗം വേദിയിൽ ചുവടു വച്ചതും സമൂഹമാധ്യമ ലോകം കയ്യടികളോടെയാണ് സ്വീകരിച്ചത്.