‘വിമര്‍ശിച്ചോളൂ; എനിക്ക് പറയാനുള്ളത് ഇതാണ്’; 50 രൂപ വിവാദത്തില്‍ താരാ കല്ല്യാണ്‍

ഒരു പ്രായമേറിയ സ്ത്രീക്ക് 50 രൂപ നൽകിയ ശേഷം നടി താരകല്യാൺ വിഡിയോ ടിക്ക് ടോക്കിലിട്ടതിന് കടുത്ത വിമർശനമാണ് നേരിടുന്നത്. "ഹലോ ഫ്രണ്ട്സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം ദൈവത്തിന് നന്ദി" എന്നുമാണ് താര ടിക് ടോക് വിഡിയോയില്‍ പറയുന്നത്.

അത്തരമൊരു വിഡിയോ ചെയ്യാനുള്ള സാഹചര്യത്തെക്കുറിച്ചും എന്താണ് സംഭവിച്ചതെന്നും നടി താര കല്യാൺ മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

എന്നെ വിമർശിക്കുന്നതിൽ എനിക്ക് യാതൊരു വിധ പ്രശ്നവുമില്ല. ഈ വിഡിയോ ചെയ്യുന്നതിന് മുൻപ് മറ്റൊരു വിഡിയോയിൽ ചെറിയ സഹായമാണെങ്കിലും നമ്മളെക്കൊണ്ട് സാധിക്കുന്നത് ചെയ്യണമെന്ന് ഞാൻ പറയുന്നുണ്ട്. അതിന്റെ പിറ്റേ ദിവസമാണ് വൃദ്ധയെ കാണുന്നത്. ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോഴാണ് അവർ എന്തെങ്കിലും സഹായിക്കണമെന്ന് പറഞ്ഞുവരുന്നത്. ഓട്ടോയ്ക്ക് നൽകിയ പണത്തിന്റെ ബാക്കിയാണ് ആ 50 രൂപ. അപ്പോൾ അത്രമാത്രമേ എന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. നമ്മൾ എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞാൽ മാത്രം പോരല്ലോ, എന്തെങ്കിലും സഹായം ആർക്കെങ്കിലും ചെയ്യുന്നത് മറ്റുള്ളവർ അറിഞ്ഞാൽ അവർക്കത് പ്രചോദനമായിക്കൊള്ളട്ടേയെന്ന് കരുതിയാണ് വിഡിയോ എടുത്തത്. 

നമ്മൾ എത്ര കൊടുക്കുന്നു എന്നതിൽ അല്ല കാര്യം, കൊടുക്കാനുള്ള മനസാണ് വേണ്ടത്. പ്രളയത്തിന്റെ സമയത്ത് ഒരു രൂപ മുതൽ ഒരു കോടി രൂപ വരെ ധനസഹായം നൽകിയിരുന്നില്ലേ. അന്ന് ഒരു രൂപയാണെങ്കിലും അത് കൊടുക്കാനുള്ള മനസിനെ ജനങ്ങൾ അംഗീകരിച്ചില്ലേ? അതല്ലാതെ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ല, അല്ലെങ്കിലും എനിക്ക് പബ്ലിസിറ്റിയുണ്ടാക്കി തന്നത് ടിക്ക് ടോക്ക് അല്ലല്ലോ. എന്റെ പ്രൊഫൈൽ എന്റെ ആത്മാവിഷ്കാരമാണ്. അതുപോലെ തന്നെ വിമർശിക്കുന്നത് അവരുടെ ആത്മാവിഷ്കാരവും. 

ഈ വിഡിയോയ്ക്ക് ശേഷം എന്റെ ടിക്ക് ടോക്ക് പ്രൊഫൈലിന് ലൈക്കും ഫോളോവേഴ്സും കൂടുകയാണ് ചെയ്തത്. ചുരുക്കം ആളുകൾ മാത്രമാണ് വിമർശിച്ചത്. അവർക്കൊന്നും ടിക്ക് ടോക്കിൽ എന്റെയത്ര ലൈക്കും ഫോളോവേഴ്സും ഇല്ല. അവർക്കും നിറയെ ലൈക്കും ഫോളോവേഴ്സിനെയും ലഭിക്കട്ടെ. ഇതെന്റെ ജീവിതമാണ്. എന്റെ സംതൃപ്തിക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. അല്ലാതെ മറ്റുള്ളരെ തൃപ്തിപ്പെടുത്താനല്ല- താരകല്യാൺ പറഞ്ഞു.