ചന്ദ്രോത്ത് ചന്തുണ്ണി നമ്മുടെ സ്വന്തം അച്യുതൻ

മാമാങ്കം സിനിമയിൽ തിളങ്ങുന്നൂ, പുതുപ്പള്ളിയിൽ നിന്നൊരു ബാലതാരം  – അച്യുതൻ ബി.നായർ.  സിനിമയിൽ ചന്ദ്രോത്ത് ചന്തുണ്ണിയായി തിളങ്ങുന്നത് പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ ഈ ആറാം ക്ലാസ് വിദ്യാർഥിയാണ്.മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് വലിയ പണിക്കർ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലെ ഇളമുറക്കാരനാണ് ചന്ദ്രോത്ത് ചന്തുണ്ണി. മാമാങ്ക ചരിത്രത്തിലെ അവസാനത്തെ ചാവേർ എന്നാണ് ചന്തുണ്ണിയെ വിശേഷിപ്പിക്കുന്നത്.

മലപ്പുറത്തിനു സമീപം പാങ്ങ് എന്ന ഗ്രാമത്തിൽ ചന്ദ്രോത്ത് ചന്തുണ്ണിക്കു സ്മാരകവുമുണ്ട്. അഞ്ചു വയസ്സ് മുതൽ കളരി പരിശീലിക്കുന്നുണ്ട് അച്യുതൻ. സ്കൂൾ കഴിഞ്ഞാൽ കളരിയാണ് അച്യുതന്റെ ലോകമെന്നു പറയാം.  പുതുപ്പള്ളി ഇരവിനല്ലൂരിലെ തടിക്കൽ കളരിയിലെ ബൈജു വർഗീസ് ഗുരുക്കളുടെ കീഴിലാണു പരിശീലനം.  സിനിമയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷം കോഴിക്കോട് സിവിഎൻ കളരിയിലും പരിശീലിച്ചു. സിനിമയിലേക്ക് അവസരം ലഭിച്ചതിനു ശേഷം 2 വർഷത്തോളം പരീക്ഷയെഴുതാൻ മാത്രമാണ് സ്കൂളിൽ പോയത്.

ആ സമയം പൂർണമായും സിനിമയ്ക്കായി മാറ്റിവച്ചു.  പാഠഭാഗങ്ങൾ പഠിക്കാനും മറ്റും അച്യുതന് അധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ കിട്ടി. പുതുപ്പള്ളി ഇരവിനല്ലൂർ ഗോകുലത്തിൽ ബാലഗോപാലിന്റെയും ശോഭയുടെയും മകനാണ് അച്യുതൻ. മലയാള മനോരമ കോട്ടയം യൂണിറ്റിൽ ആർട്ടിസ്റ്റാണു ബാലഗോപാൽ.  അച്യുതന്റെ സഹോദരി മൂന്നു വയസ്സുള്ള അരുന്ധതി.