‘എന്നെ എന്തിന് വലിച്ചിട്ടു?; മാനസികനില തകര്‍ന്നു’; ഷെയ്നിനോട് ആ ക്യാമറാമാന്‍

ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ നടൻ ഷെയ്ൻ നിഗം പറഞ്ഞത് വെയിൽ സിനിമാ വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്നാണ്. ഇത്തവണ തന്നെ ബുദ്ധിമുട്ടിച്ചത് നിര്‍മാതാവല്ല. ആ പടത്തിന്റെ ക്യാമറാമാനും സംവിധായകനുമാണെന്നും ഷെയ്ന്‍ തുറന്നു പറഞ്ഞു. അതിനുള്ള തെളിവുകളുണ്ടെന്നും ഷെയ്ൻ പറഞ്ഞു. ഇതോടെയാണ് വിവാദത്തിലേക്ക് സിനിമയുടെ ക്യമറാമാന്‍ കടന്നെത്തുന്നത്. ഷെയ്ന്‍ ഉന്നയിച്ച ഈ ആരോപണങ്ങളോട് പ്രതികരിക്കുകയാണ് വെയിൽ സിനിമയുടെ ഛായാഗ്രഹകനായ ഷാസ് മുഹമ്മദ്. ഈ സിനിമയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല താൻ. ഒരു അനിയനെ പോലെയാണ് ഷെയ്നിനെ കണ്ടത്. ഷെയ്ന്റെ ഈ പ്രസ്താവന കാരണം ഇന്ന് മാനസികമായി ഏറെ തളർന്നിരിക്കുകയാണെന്നും ഷാസ് മനോരമ ന്യൂസ് ഡോട് കോമിനോട് പ്രതികരിക്കുന്നു.

'കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഷെയ്ൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ലോക സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് ഷാസ് മുഹമ്മദ് എന്ന ക്യാമറാമാൻ എന്നാണ്. പെട്ടെന്ന് ഇന്നലെ ഷെയ്ൻ ഈ വാക്കുകൾ പറഞ്ഞതിൽ ഞാൻ മാനസികമായി ആകെ തളർന്നിരിക്കുകയാണ്. എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഇക്കാര്യത്തിൽ വിഷമത്തിലാണ്. ഞാൻ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാകണം. അയാൾ പറയുന്നത് എല്ലാവരും കേൾക്കും. കാരണം അയാൾ ഒരു താരം ആണ്. ഞാൻ ഒരു ടെക്നീഷ്യൻ ആണ്.  ഞാൻ പറയുന്നതും കേൾക്കണം എന്നാണ് എന്റെ അപേക്ഷ. കൃത്യമായ ലോഗ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറുടെ കയ്യിൽ ഉണ്ട്. രണ്ട് ക്യാമറ വച്ച് ഷൂട്ട് ചെയ്യേണ്ട രംഗങ്ങള്‍ സിംഗിൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്'. ഷാസ് വ്യക്തമാക്കുന്നു. 

'ഞാൻ എന്തിനാണ് ഷെയ്നിനെ ബുദ്ധിമുട്ടിക്കുന്നത്. ഇത് എന്റെ ആദ്യത്തെ സിനിമയാണ്. അത് നല്ല രീതിയിൽ പുറത്തു വരണമെന്നാണ് ആഗ്രഹിക്കുന്നത്. ഷെയ്ൻ വളരെ മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ചവച്ചിരിക്കുന്നതും. പക്ഷേ പ്രശ്നങ്ങൾക്ക് കാരണം ഷെയ്നിന്റെ സഹകരണം ഇല്ലാത്തത് തന്നെയാണ്. എനിക്ക് കരുതിക്കൂട്ടി ഷെയ്നിനെ ബുദ്ധിമുട്ടിക്കാനായി ചെയ്യാവുന്നത് ലൈറ്റും ഫോക്കസുമൊക്കെ മാറ്റി ഷൂട്ട് ചെയ്യുക എന്നതാണ്. ഇത്രയും ആൾക്കാരുടെ മുന്നിൽ നിന്ന് ഞാൻ അത് എങ്ങനെയാണ് ചെയ്യുക. അഥവാ അങ്ങനെ ചെയ്താൽ തന്നെ അത് സ്വയം തൊഴിലിനെ കൊല്ലുന്നതിന് സമമല്ലേ. ഷെയ്ൻ 12 മുതൽ 14 മണിക്കൂർ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വന്നുവെന്നാണ് ആരോപണം. അങ്ങനെയെങ്കിൽ ഛായാഗ്രഹകനായ ഞാൻ 16 മുതൽ 17 മണിക്കൂർ വരെ ക്യാമറയ്ക്ക് പിന്നിൽ‌ നിൽക്കണ്ടേ. അപ്പോൾ മനപൂർവം ഞാൻ അങ്ങനെ ചെയ്യുമോ..? വളരെ വിഷമത്തോടെയാണ് ഞാൻ ഇക്കാര്യങ്ങൾ പറയുന്നത്. കാരണം സിനിമയെ അത്രയേറെ സ്നേഹിക്കുന്നവരാണ് ഞാനും സംവിധായകൻ ശരത് മേനോനും ഒക്കെ'. വൈകാരികപൂർവം ഷാസ് പ്രതികരിക്കുന്നു. 

ഷെയ്നിനെ ഒരു ഇളയ സഹോദരനെ പോലെയാണ് കണ്ടിരുന്നത്. വ്യക്തിപരമായ പല കാര്യങ്ങളും സംസാരിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം പറയുന്നതിനെ എനിക്ക് തടുക്കാനാകില്ല. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഈ വിവാദങ്ങൾക്ക് ഒരു പോംവഴി ഉടൻ കണ്ടെത്തണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. കാരണം ഇത് ഷെയ്നിന്റെ മാത്രം സിനിമയല്ല. ഞങ്ങളെപ്പോലെ പലരുടെയുമാണ്. ഈ സിനിമ ഇങ്ങനെ മുടങ്ങുന്നതുകാരണം പല പ്രൊജക്ടുകളും എനിക്ക് നഷ്ടമായി, സാമ്പത്തികമായും വ്യക്തിപരമായും ഇത് നഷ്ടങ്ങളാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ കഷ്ടപ്പാടിനെ ഓർത്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് എന്റെ അപേക്ഷ. 

ഷെയ്നിനോട് അഭ്യർഥിക്കാനുള്ളത് പരസ്യ പ്രതികരണങ്ങൾ നടത്തുമ്പോൾ കുറച്ചുകൂടി മയപ്പെടണം എന്നാണ്. കാരണം ഒരു അഞ്ച് വർഷങ്ങൾക്ക് ശേഷം ഈ സിനിമ രേഖപ്പെടുത്താൻ പോകുന്നത് ഷെയ്നിന്റെ പേരിലാകും. അത്ര നല്ല സിനിമയാണ് ഇത്. ഷെയ്ൻ അത്ര മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ചവച്ചതും–  ഷാസ് അഭ്യര്‍ഥിക്കുന്നു.