തല മൊട്ടയടിച്ചത് തോന്ന്യാസം; അഹങ്കരിച്ചാൽ സിനിമയിൽ നിന്ന് പുറത്താകും: ഗണേഷ്കുമാർ

തല മൊട്ടയടിച്ച ഷെയ്ൻ നിഗത്തിന്റെ നടപടി തോന്ന്യാസമാണെന്ന് നടനും എംഎൽഎയുമായ കെ ബി ഗണേഷ്കുമാർ. ഷെയ്ൻ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചക്കമില്ലാത്തവരെ താരസംഘടന പിന്തുണക്കില്ല. അഹങ്കരിച്ചാൽ ഷെയ്ൻ മലയാളസിനിമയിൽ നിന്ന് പുറത്തുപോകുമെന്നും ഗണേഷ്കുമാർ പറഞ്ഞു. 

സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുതലാണെന്നും എക്സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ അവസരം കിട്ടിയ ചെറുപ്പക്കാരന്റെ വേദന കാണേണ്ടതുണ്ട്.എത്ര വലിയ അത്യാവശ്യമുണ്ടായാലും സിനിമ തീരുന്നതുവരെ നടന്‍ കണ്ടിന്യുവിറ്റി തുടരേണ്ടതുണ്ട്. മഹാനടന്‍മാര്‍ വരെ അത് ചെയ്യാറുണ്ട്. അവരേക്കാള്‍ വലിയ ആളുകളാണോ ഇവരൊക്കെ''- ഗണേഷ്കുമാർ ചോദിക്കുന്നു. 

‘ഇപ്പോള്‍ ഒരുപാട് പകരക്കാരുണ്ട്. പണ്ട് മമ്മൂക്കയ്ക്കും മോഹന്‍ലാലിനും പകരക്കാരില്ലായിരുന്നു. കഴിവുള്ള നിരവധി പേര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഇന്ന് ഈ നടന്‍മാര്‍ തന്നെ അഭിനയിക്കണമെന്ന് പ്രേക്ഷകര്‍ക്ക് ഒരു നിര്‍ബന്ധവുമില്ല. ഒരാളല്ലെങ്കിൽ വേറൊരാളെ വച്ച് സിനിമ എടുക്കാം. അഹങ്കരിച്ചാല്‍ സിനിമയില്‍ നിന്ന് ഔട്ടാകും. 

ഈ അടുത്ത കാലത്ത് തൊടുപുഴയിൽ ഞാനൊരു സിനിമയിൽ അഭിയിക്കാൻ പോയി. അപ്പോൾ അവിടെ മറ്റൊരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. ആ സിനിമയുെട ക്യാമറാമാനെ അതിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ലഹരി മരുന്ന് കഴിച്ച് തലയ്ക്ക് അടിച്ച് പരുക്കേൽപിച്ചു. തലപൊട്ടി ക്യാമറാമാൻ ആശുപത്രിയിലായി. ഷൂട്ടിങ് മുടങ്ങി. ഇതൊന്നും പണ്ടുകാലത്ത് ആരും പറഞ്ഞുപോലും കേട്ടിട്ടില്ല. പണ്ട് ഇന്നും ആളുകൾ മദ്യപിക്കുന്നുണ്ട്. ഷൂട്ട് ഒക്കെ കഴിഞ്ഞ് റൂമിൽ പോയി മദ്യപിക്കും. മയക്കുമരുന്ന് അങ്ങനെ അല്ല. ഇത് രാവിലെ വരാൻ വൈകുക, വന്നുകഴിഞ്ഞാൽ കാരവനിൽ നിന്നും ഇറങ്ങാതിരിക്കുക.

ലഹരി ഉപയോഗം തടയാന്‍ സെറ്റില്‍ കയറിവന്ന് കാരവാനിലൊക്കെ കയറി പരിശോധിക്കുകയെന്നത് പ്രായോഗികമല്ല. പൊലീസും എക്‌സൈസും ഷാഡോ പൊലീസിങ് സജീവമാക്കിയാല്‍ മതി.