പൃഥ്വിയുടെ ഡ്രൈവിങ് ലൈസൻസ്; ലൈറ്റ്മാന് താമസിക്കാൻ ആഢംബര റൂം; കൈയ്യടി

ലൈറ്റ് ബോയിക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കിയ നടനും നിർമാതാവുമായ പൃഥ്വിരാജിന് കയ്യടി. സിനിമയിലെ സൂപ്പർതാരങ്ങൾക്കും നായികമാർക്കും കാരവാനും ആഢംബര ഹോട്ടലുകളും, മറ്റുള്ളവർക്ക് സാധാരണ റൂമുകളുമൊക്കെയായിരുന്നു പതിവ്. ഇപ്പോഴിതാ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്.

പൃഥ്വിരാജ് നായകനും നിർമാതാവുമാകുന്ന, ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലാണ് താരങ്ങൾക്കെന്ന പോലെ എല്ലാ സൗകര്യവുമുള്ള റൂം ലൈറ്റ്മാനായ മനു മാളികയ്ക്ക് ഒരുക്കിയത്. താമസ ഇടത്തെ വിഡിയോ മനു തന്നെ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചു.

‘കേരളാ സിനി ഔട്ട്‌ഡോർ യൂണിറ്റിൽ വർക്ക്‌ ചെയ്തിട്ട് ആദ്യമായി ഒരു സിനിമയ്ക്ക് ലൈറ്റ്മാന് താമസിക്കാൻ ഇത്രയും നല്ല സൗകര്യം ചെയ്ത് തന്ന ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ പ്രൊഡക്‌ഷൻ കമ്പനിയിൽ ഉള്ള ആളുകൾക്ക് നന്ദി ഞങ്ങൾ അറിയിക്കുന്നു. യൂണിറ്റ് വർക്കേഴ്സിനെ സ്ഥിരമായി കിടത്തുന്ന റൂമുകൾക്ക് 600, 700 രൂപ കൊടുക്കുമ്പോൾ ഈ റൂമിനും അതേ റേറ്റ് മാത്രമേ ആകുന്നുള്ളു."

സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. ജീൻ പോൾ ആണ് സംവിധാനം. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.