ഹൗസ് ഫുള്ളായത് 17–ാം ദിവസം; രക്ഷിച്ചത് ‘തൂവാല’ തന്ത്രം: ‘ആകാശദൂതി’ല്‍ സംഭവിച്ചത്

കരയിപ്പിച്ച് നേടിയ വിജയം– സിബിമലയിൽ സംവിധാനം ചെയ്ത ആകാശദൂതിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. 1993ൽ പുറത്തിറങ്ങിയ ചിത്രം 150 ദിവസമാണ് ഓടിയത്. ഈ വിജയത്തിന് പിന്നിൽ സിബി മലയിലിന്റെയും സെഞ്ചുറി ഫിലിംസ് ഉടമ രാജു മാത്യുവിന്റെയും മറ്റൊരു വലിയ പ്രമോഷനൽ തന്ത്രം കൂടി ഉണ്ടായിരുന്നു. പ്രേക്ഷകരെ കരയിച്ച ‘ആകാശദൂത്’ കാണാനെത്തുന്നവർക്ക് തൂവാല. സിനിമ വിജയിപ്പിക്കാൻ രാജു മാത്യു പുറത്തിറക്കിയ തന്ത്രങ്ങളിൽ ഒന്നായിരുന്നു അത്.

ആകാശദൂത് റിലീസ് ചെയ്ത ആദ്യദിനങ്ങളിൽ ആരും തന്നെ തിയറ്ററിൽ എത്തിയില്ല. പിന്നീട് പതിനേഴാമത്തെ ദിവസമാണ് ചിത്രം ഹൗസ്ഫുൾ ഷോ കളിക്കുന്നത്. ആ കഥ സിബി മലയിൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. സിബിമലയിൽ പറയുന്നതിങ്ങനെ:- ആകാശദൂതിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് മായാമയൂരം. ആ സിനിമയുടെ ലൊക്കേഷൻ നോക്കാനായി കാഞ്ഞങ്ങാട് എത്തിയ ദിവസം തന്നെയാണ് ആകാശദൂതും റിലീസ് ചെയ്യുന്നത്. മൊബൈൽ ഫോണൊന്നും ഇല്ലാത്തതിനാൽ പ്രേക്ഷക പ്രതികരണമറിയാൻ അടുത്തുള്ള തിയറ്റിൽ വൈകുന്നേരം പോയി. 

നോക്കിയപ്പോൾ ഒരു മനുഷ്യരില്ല. മാറ്റിനിക്ക് 100 പേരുണ്ടായിരുന്നു എന്ന് പറഞ്ഞു. പടത്തെക്കുറിച്ച് കണ്ടവർക്കെല്ലാം നല്ല അഭിപ്രായ മാത്രമായിരുന്നു. എല്ലാവരും കരച്ചിലായിരുന്നു എന്നും പറഞ്ഞു. എന്നാൽ ആളുകളധികം കയറാത്തതിനാൽ നിർമാതാവ് വിഷമത്തിലായി. എന്ത് തന്നെ വന്നാലും പരസ്യം നിർത്തരുതെന്ന് പറഞ്ഞു. 

എന്റെ സുഹൃത്ത് സിയാദ് കോക്കറെ വിളിച്ചുും കാര്യം ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു ഉഗ്രൻ പടമാണ്. ഇത് ക്ലിക്ക് ചെയ്യുമെന്ന്. രണ്ട് ദിവസം കഴിഞ്ഞ് എറണാകുളത്ത് വന്ന്, ഡിസ്ട്രിബ്യൂട്ടർ സെഞ്ചുറി രാജുവിനെയും, പ്രൊഡ്യൂസർമാരെയും എറണാകുളം ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. 

ഈ പടം കൈവിട്ടു കളയരുത്. ഇത് ഹിറ്റാകുന്ന പടമാണ് എന്ന് പറഞ്ഞു. അവർക്ക് വിശ്വാസം പോരായിരുന്നു. നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. ആളുകൾ കരഞ്ഞുകൊണ്ട് പോകുന്നുണ്ട് എന്ന് പറഞ്ഞു. അന്ന് മാരുതി കാറ് ഇറങ്ങിയ സമയമാണ്.  നമുക്കൊരു മത്സരം വയ്ക്കാം മാരുതി കാർ സമ്മാനമായി നൽകാം എന്ന് ഞാൻ പറഞ്ഞു. മാരുതി കാർ ഒക്കെ കൊടുത്താൽ നമുക്ക് വല്ലതും കിട്ടുമോ എന്നൊക്കെ ചോദ്യം വന്നു. എന്തായാലും ഒന്ന് ശ്രമിക്കാം എന്ന് പറഞ്ഞു. 

പിന്നെ എല്ലാ തിയറ്ററിലും ടിക്കറ്റ് എടുക്കുമ്പോൾ കൂട്ടത്തിൽ ആകാശദൂത് എന്ന് പ്രിന്റ് ചെയ്ത തൂവാല കൂടി കൊടുക്കണം എന്ന് രാജുച്ചായനും ഞാനും പറഞ്ഞു. കാരണം ആളുകൾ ഈ സിനിമ കണ്ട് ഇറങ്ങിവരുമ്പോൾ ഒരു കാര്യം പറയുന്നുണ്ട്. ‘കരഞ്ഞ് വല്ലാതായിപ്പോയി’. ആണുങ്ങൾ കർച്ചീഫ് പോലും ഇല്ലാതെ കരഞ്ഞ് കണ്ണുതുടക്കുന്ന കാഴ്ച. അങ്ങനെ ഈ കർച്ചീഫ് കൊണ്ട് പുറത്തിറങ്ങുന്ന പെണ്ണുങ്ങൾ അടുത്ത ആളുകളോട് സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങി. ‘ഇന്നലെ ഒരു സിനിമയ്ക്കുപോയി ആകാശദൂത്, കരഞ്ഞ് ഇടപാടു തീർന്നു, കർച്ചീഫ് തന്നതുകൊണ്ട് രക്ഷപ്പെട്ടെന്ന്’. അങ്ങനെ മൗത്ത് പബ്ലിസിറ്റി വർക്ക്ഔട്ട് ആയി. അങ്ങനെ 17 ാമത്തെ ദിവസം കേരളം മുഴുവൻ എല്ലാ തിയറ്ററും ഫുൾ ആയി. ചില തിയറ്ററുകളിൽ നിന്ന് ആദ്യ ആഴ്ച തന്നെ പടം ഹോൾഡ്ഓവർ ആയിരുന്നു. അവരും പിന്നീട് സിനിമയ്ക്കായി എത്തി. പിന്നെ 150 ദിവസത്തോളം തുടർച്ചയായി ഓടി സൂപ്പർ ഹിറ്റായി.