ദേ വരുന്നു മലയാളത്തിലെ ആദ്യ 300 കോടി; 'മാമാങ്കം' പണം വാരുമെന്ന് സന്തോഷ് പണ്ഡിറ്റ്

ദീര്‍ഘനാളായി ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കം പ്രദർശനത്തിന് തയ്യാറെടുക്കുന്നതിനിടെ പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്. മലയാളത്തിലെ ആദ്യ 300 കോടി സിനിമയാണ് വരാൻ പോകുന്നതെന്നാണ് ഫെയ്സ്ബുക്കിലൂടെ പണ്ഡിറ്റിന്റെ പ്രവചനം. ചിത്രം റിലീസ് ചെയ്യുന്നതോടെ പുലിമുരുകന്റെയും ബാഹുബലി–2 വിന്റെയും ലൂസിഫറിന്റെയും കലക്ഷൻ റെക്കോർഡുകൾ പഴങ്കഥയാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 

ഇത്തരം സിനിമകൾ സൂപ്പർഹിറ്റാക്കിയ ചരിത്രമാണ് മമ്മൂട്ടിക്കുള്ളതെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു. ഫെയ്സ്ബുക്ക് കുറിപ്പിങ്ങനെ...

'പണ്ഡിറ്റിന്റെ മെഗാ പ്രവചനം..

മക്കളേ… ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡിയായി ട്ടോ.. മമ്മൂക്കയുടെ ബിഗ് ബജറ്റ് മാസ് മൂവി ‘മാമാങ്കം’ സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല്‍ അതോടെ ‘പുലി മുരുകന്‍’, ‘ബാഹുബലി 2’ , ‘ലൂസിഫര്‍’ വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തകർന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

ഈ സിനിമ മലയാളത്തിന്റെ ‘ബാഹുബലി’ എന്നാണ് കരുതുന്നത്. മേക്കിങ് ആൻഡ് ടെക്ക്നിക്കല്‍ ലെവലിൽ ‘ബാഹുബലി’യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് ഉണ്ണി മുകുന്ദൻ ജിയും ഉണ്ടേ. അതും ഈ സിനിമയ്ക്ക് ഹ്യൂജ് അഡ്വാന്റേജ് ആയേക്കും.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കലക്‌ഷന്‍ പ്രതീക്ഷിക്കുന്നു. (കേരളത്തില്‍ നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).

ഇനിയും ഈ സിനിമയുടെ വമ്പൻ വിജയത്തില്‍ സംശയമുള്ളവര്‍ ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (‘ഒരു വടക്കൻ വീരഗാഥ’, ‘പഴശ്ശിരാജ’) വന്‍ വിജയമായിരുന്നു. അതിനാല്‍ ആ സിനിമകളേക്കാളും വലിയ വിജയം ‘മാമാങ്കം’ സിനിമയും നേടും എന്നു കരുതാം. (വാല്‍ കഷ്ണം.. മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.) '