'ഈ സിനിമ മഞ്ജു എന്ന അഭിനേത്രി കാരണമുണ്ടായത്'; കുറിപ്പ് പങ്കുവെച്ച് സംവിധായകൻ

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്ന് സനൽകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.  ഈ സിനിമ മഞ്ജു വാര്യർ എന്ന അഭിനേത്രി കാരണം ഉണ്ടായതാണെന്ന് സനൽകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയ മഞ്ജുവുൾപ്പെടെയുള്ള സംഘം കനത്ത മഴയെത്തുടർന്ന് ഹിമാചലിലെ ഛത്രുവിൽ കുടുങ്ങിപ്പോയിരുന്നു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പതിനായിരത്തിലധികം അടി ഉയരത്തിൽ സംഘം ഒറ്റപ്പെട്ടത് വലിയ വാർത്തയായിരുന്നു. 

ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിലായിരുന്നു ഷൂട്ടെന്ന് സനൽകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. 

സനൽകുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം: 

അങ്ങനെ കയറ്റം ഷൂട്ട് കഴിഞ്ഞു. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാൾ എന്താണ് മനുഷ്യൻ എന്ന് മനസിലാക്കാൻ കഴിയുന്ന ഒരുപാട് സന്ദർഭങ്ങൾ മുന്നിൽ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യർ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.. എന്നോ മനസ്സിൽ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായുണ്ടായ ഒരു സംഭാഷണത്തിനിടെ അവരോടു സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. 

മൂന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീർത്തത്.. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്.. പക്ഷെ സിനിമ പൂർത്തിയാക്കി തിരിച്ചുപോകുമ്പോൾ എല്ലാവരും സന്തുഷ്ടരായിരുന്നു. സ്നേഹവും മനുഷ്യപ്പറ്റും നിറഞ്ഞുനിന്ന ആ ദിനങ്ങൾ ഒരു നൊസ്റാൾജിയയാവും.

എല്ലാവർക്കും നന്ദി.. ഈ സിനിമ തീർച്ചയായും ചന്ദ്രു സെൽവരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവറിയിക്കും. എല്ലാവര്ക്കും നന്ദി