മകള്‍ വീട്ടിലുണ്ടെങ്കില്‍ വാപ്പിച്ചിക്കും പുറത്തിറങ്ങാന്‍ മടി; മനസു തുറന്ന് ദുൽഖർ

മകൾ ജനിച്ചശേഷം തന്റെയും കുടുംബാംഗങ്ങളുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങൾ പങ്കുവെച്ച് ദുൽഖർ സല്‍മാൻ. പുതിയ ഹിന്ദി ചിത്രമായ ‘ദ സോയ ഫാക്ടറി’ന്‍റെ പ്രചരണാർഥം ഒരു ദേശീയമാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം. 

''മകൾക്കിപ്പോൾ‌ രണ്ടര വയസായി. അവളുടെ ജീവിതത്തിൽ ഒരു റോള്‍ നേടിയെടുക്കാൻ അത്രത്തോളം തന്നെ സമയം വേണ്ടിവന്നു. മുൻപൊക്കെ ഉറക്കമുണരുമ്പോള്‍ അവൾ ഭാര്യ അമാലിനെ ചുറ്റും തിരയുമായിരുന്നു, ഞാനടുത്തുണ്ടെങ്കിൽ പോലും. പക്ഷേ, ഇപ്പോൾ അവൾ ഞാനുമായി കംഫർട്ടബിളായി. മകൾ വീട്ടിലുള്ളപ്പോൾ വാപ്പിച്ചിക്കും അവളെ വിട്ട് പുറത്തിറങ്ങാൻ മടിയാണ്. 

കുട്ടികൾ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. സ്നേഹത്തിന്റെ അര്‍ഥമെന്തെന്ന് മനസിലാക്കിത്തരും. അച്ഛനാകുന്നത് ഏറെ മനോഹരമായ അനുഭവമാണ്, പ്രത്യേകിച്ചും ഒരു പെൺകുട്ടിയുടെ അച്ഛനാകുക എന്നത്'', ദുൽഖർ പറഞ്ഞു. 

മകളെക്കുറിച്ചു മാത്രമല്ല, സ്വന്തം കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകളും ദുൽഖർ അഭിമുഖത്തിൽ പങ്കുവെച്ചു. ''എന്റെ കുട്ടിക്കാലത്ത് സിനിമയിൽ ഒരു കരിയർ ഉണ്ടാക്കാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു വാപ്പിച്ചി. ജോലി കഴിഞ്ഞ് രാത്രി വൈകിയായിരിക്കും വീട്ടിലെത്തുക. പുലർച്ചെ വീണ്ടും ജോലിക്കു പോയിരുന്നു. അപ്പോൾ ഉറങ്ങിക്കിടന്നിരുന്ന ‍ഞങ്ങളെ അദ്ദേഹം കാണുമായിരിക്കാം. പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തെ അധികം കാണാൻ സാധിച്ചിരുന്നില്ല. മുതിർന്നപ്പോൾ വാപ്പിച്ചി ഞങ്ങളെ ചെന്നെയിലേക്ക് അയച്ചു, അവിടെ അധികമാര്‍ക്കും ഞങ്ങളെ അറിയില്ലല്ലോ എന്ന് കരുതിയാകണം. എത്ര തിരക്കുകളുണ്ടെങ്കിലും വര്‍ഷത്തിൽ ഒരിക്കൽ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാൻ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. വാപ്പിച്ചി ഒരു സിനിമാനടനാണെന്ന് ചെന്നൈയിലെ സ്കൂൾ സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരുന്നു'', ദുൽഖർ പറഞ്ഞു.

മമ്മൂട്ടിയുടെ മകൻ എന്ന ചിന്ത അഭിനയിലത്തിന്റെ ആദ്യകാലങ്ങളിൽ പ്രയാസം സൃഷ്ടിച്ചിരുന്നുവെന്നും ദുല്‍ഖർ പറഞ്ഞു. ''അഭിനയിച്ചുകൊണ്ടിരുന്നപ്പോഴൊക്കെ ആ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ശ്രമിച്ചുകൊണ്ടിരുന്നു. വാപ്പിച്ചിയുടെ പേര് കളയരുത്, അദ്ദേഹത്തിന്റെ ആരാധകരെ നിരാശരാക്കരുത് എന്നൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു. പിന്നീട് അതെക്കുറിച്ചൊന്നും ചിന്തിക്കേണ്ടെന്ന് സ്വയം തീരുമാനമെടുത്തു. എന്റെ അഭിനയത്തിലേക്കാണ് ഊര്‍ജം തിരിച്ചുവിടേണ്ടതെന്ന് മനസിലാക്കി. അതിൽ ഫോക്കസ് ചെയ്യാനാരംഭിച്ചു. എങ്കിലും ഞാൻ വിഷമസന്ധിയിലാകുന്ന ചില ദിവസങ്ങളുണ്ട്'', ദുൽഖർ കൂട്ടിച്ചേർത്തു.