‘ആ കുട്ടിയെ ഒരു നായകനടന്‍ വിവാഹം കഴിക്കുകയാണ്’; ആ വെളിപ്പെടുത്തൽ; കുറിപ്പ്

മലയാളികളുടെ പ്രിയ നായിക മഞ്ജു വാരിയരെക്കുറിച്ച് ബാലചന്ദ്ര മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ച. സിനിമാ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കാനുള്ള നാഷനല്‍ ജൂറിയിലെ അംഗമായിരിക്കെ മഞ്ജു വാരിയര്‍ക്ക് അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിക്കാനിടയായ സന്ദര്‍ഭം പങ്കുവച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍.

‘ഇല്ല; അതിനി നടക്കില്ല. ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടന്‍ വിവാഹം കഴിക്കുകയാണ്. പിന്നെ അഭിനയമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ആ കുട്ടിയുടെ കഴിവില്‍ നിങ്ങള്‍ക്കു തൃപ്തിയുണ്ടെങ്കിലതിനുള്ള അംഗീകാരം എന്താണേലും ഇക്കുറി കൊടുക്കേണം. അത് കമ്മറ്റിയുടെ തീരുമാനമായി കരുതിയാല്‍ പോരെ ? എന്റെ ശ്രമം പാഴായില്ല. ആ വര്‍ഷത്തെ അവാര്‍ഡ് പരിഗണനയില്‍ ജൂറി മെംബേഴ്‌സിന്റെ നല്ല മനസ്സുകൊണ്ടും ‘മൊഞ്ചുള്ള മഞ്ചുവിന്റെ’ അസൂയാവഹമായ കഴിവ് കൊണ്ടും ജൂറിയുടെ പ്രത്യേക പരാമര്‍ശം മഞ്ജുവിന് കിട്ടിയപ്പോള്‍ എന്തോ ഒരു നല്ല കര്‍മത്തിനു കൂട്ടു നിന്ന സുഖം എന്റെ മനസ്സിനും!’...മഞ്ജുവിനെക്കുറിച്ചുളള ചെറിയൊരു രഹസ്യം പൊട്ടിക്കുന്ന എന്ന വിവരണത്തോടെയായിരുന്നു താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–

ചില മുഖങ്ങൾ കാണുമ്പോൾ അറിയാതെ നമ്മുടെ മനസ്സിൽ നമ്മുടെ അനുവാദം പോലുമില്ലാതെ ചില വിശേഷണങ്ങൾ വന്നു മിന്നി മറയും."നല്ല മൊഞ്ചുള്ള പെണ്ണ്!" മഞ്ജു വാരിയരെ ജീവിതത്തിൽ ആദ്യമായി കണ്ട നിമിഷം എന്റെ മനസ്സിൽ തികട്ടി വന്ന പ്രയോഗമാണിത് ...എന്റെ അരികിലിരുന്ന ഭാര്യയുടെ ചെവിയിലേക്ക് ഞാൻ അപ്പോൾ തന്നെ അത് സംക്രമിപ്പിക്കുകയും ചെയ്തു. എന്ന് , എവിടെ വച്ചായിരുന്നു അതുണ്ടായത് എന്ന് പറയുക കൂടി ഒരാവശ്യമാണല്ലോ .......

വർഷങ്ങൾക്കു മുൻപാണ് .....ട്രിവാൻഡ്രം ക്ലബ്ലിലെ കോഫീഷോപ്പിൽ 'ഒരു കടിയും കുടി' യുമായി ഇരിക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണ് ഒരമ്മയും മകളും അങ്ങോട്ട് കയറിവന്നതും ഞങ്ങൾക്കരികിലായി കിടന്ന മേശക്കു ചുറ്റും ഇടം പിടിച്ചതും. ഒറ്റ നോട്ടത്തിൽ എന്റെ പ്രത്യേകമായ ശ്രദ്ധ എആ കുട്ടി നേടിയത് ഒരുപക്ഷേ അതിന്റെ മുഖത്തു ഒരു നഗരത്തിൽ അപൂർവമായി മാത്രം കാണാറുള്ള ലാളിത്യം അധികമായി സ്ഫുരിച്ചതു കൊണ്ടാവണം. അവൾ വർത്തമാനം പറഞ്ഞപ്പോൾ മണിമണിയായി അടർന്നു വീണ അക്ഷരങ്ങളുടെ ശുദ്ധിയും മറ്റൊരുകാരണമാകാം. അധികം വൈകാതെ അവിടേക്കു കയറി വന്ന 'കിരീടം ഉണ്ണി ' എന്ന നിർമാതാവ് പരിചയപ്പെടുത്തുമ്പോഴാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'സല്ലാപത്തി' ലെ നായികയാണ് ആ കുട്ടി എന്ന് മനസ്സിലാക്കുന്നത് .

പിന്നെയുള്ള മഞ്ജുവിന്റെ ചരിത്രം മലയാളികൾക്ക് സുപരിചിതമാണ്. മലയാളി മനസ്സിൽ മഞ്ജു നേടിയ ഇടം മറ്റാർക്കും സ്വന്തമാക്കാൻ കഴിഞ്ഞില്ല.. ആഭരണങ്ങൾക്കും ചായപ്പൊടിക്കുമുള്ള ഒരു മോഡൽ മുഖമായി മാത്രം മഞ്ജു അവസാനിച്ചില്ല. മലയാളി വനിതയുടെ ഒരു ശബ്ദമായി അവൾ മാറി. മഞ്ജുവിന്റെ വായിൽ നിന്ന് വീണാൽ ജനം വിശ്വസിക്കും എന്ന വിലാസം അവൾ ഉണ്ടാക്കിയെടുത്തപ്പോൾ നാട്ടിൽ ഒരു സാമൂഹികപ്രശ്നമുണ്ടായാൽ. 'മഞ്ജു എന്ത് പറയുന്നു ?' എന്ന അന്വേഷണത്തിന് അർഥമുണ്ടായി.( 'How old are you ? എന്ന ചിത്രത്തിലൂടെ അവൾ ഓർഗാനിക് ഫാമിന്റെയും പിന്നീട് മനുഷ്യ ചങ്ങലയുടെയും വിഷയത്തിൽ ഇടം പിടിക്കുന്നു.....). ഒരു താരത്തിന്റെ ഭാര്യയായി രംഗം വിട്ടപ്പോഴും ഏറെ കഴിഞ്ഞു ചമയം വീണ്ടും അണിഞ്ഞപ്പോഴും വളരെ കുറച്ചു മാത്രം പറയുന്ന മിതത്വം , അവളുടെ ലാളിത്യത്തിന്റെ സൗകുമാര്യം കൂട്ടി. 

സംശയിക്കേണ്ട. മഞ്ജു ഒരു മിടുക്കിക്കുട്ടി തന്നെയാണ്. ഇനി മഞ്ജുവിനെ പറ്റിയുള്ള ഒരു ചെറിയ , എന്നാൽ വലിയ രഹസ്യം ഒന്ന് പൊട്ടിക്കട്ടെ ....

ഞങ്ങൾ ഒരുമിച്ചു ഒരു ചിത്രത്തിൽ മാത്രമേ സഹകരിച്ചിട്ടുള്ളു ."കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ' എന്ന ചിത്രം. അതിലും ഞങ്ങൾ ഒരുമിച്ചുള്ള രംഗങ്ങൾ നന്നേ കുറവാണ്. എന്നാൽ മഞ്ജു അഭിനയിച്ച ചിത്രങ്ങൾ കഴിവതും മുടങ്ങാതെ കാണുക എന്നത് എന്റെ ഒരു ശീലമായിരുന്നു.

അങ്ങനെയിരിക്കെ ആ വർഷം (ഏതാണെന്നു ഓർമ വരുന്നില്ല ) സിനിമാ പുരസ്കാരങ്ങൾ നിശ്ചയിക്കാനുള്ള നാഷനൽ ജൂറിയിലെ ഒരംഗമായിരിക്കാനുള്ള ക്ഷണം എനിക്ക് കിട്ടി.( സിനിമയിൽ വന്നിട്ട് പത്തു നാൽപ്പതു വർഷമായിട്ടും സംസ്ഥാനഅവാർഡ്" കമ്മറ്റിക്കാർ " എന്റെ പേരിനു നീളം കൂടുതലായതുകൊണ്ടാവാം ഇന്ന് വരെ ഒന്ന് അന്വേഷിച്ചിട്ടുപോലുമില്ല എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട് ). ഡൽഹിയിൽ ഞാൻ ചെലവഴിച്ച ആ നല്ല ദിനങ്ങളുടെ ഓർമയ്ക്ക് പ്രത്യേക നന്ദി.

ഡി.വി.എസ്. രാജുവായിരുന്നു ചെയർമാൻ . ആ കൂട്ടത്തിലേറ്റവും പ്രായംകുറഞ്ഞ ആൾ എന്ന നിലയിൽ ഏവർക്കും ഞാൻ ഒരു നേരംകൊല്ലിയായി. 'ഷോലെ' എന്ന ചിത്രത്തിന്റെ സംവിധായകൻ രമേശ് സിപ്പിയും , പഴയ ' കാട്ടുതുളസി ' എന്ന ചിത്രത്തിലെ സത്യന്റെ നായിക ഉഷാകുമാരിയും ജൂറി മെംബേർസ് എന്ന നിലയിൽ ഞാനുമായി നല്ല ചങ്ങാത്തത്തിലായി. 

മലയാള സിനിമകൾ സംബന്ധിച്ചുള്ള സംശയങ്ങൾ അവർ എന്നിലൂടെയാണ് പരിഹരിച്ചിരുന്നത്. അവാർഡുകൾ തീരുമാനമായപ്പോൾ എനിക്കൊരു നിരാശ. എന്റെ ഓർമ ശരിയാണെങ്കിൽ മഞ്ജുവിന്റെ മൂന്നു ചിത്രങ്ങൾ അക്കുറി മത്സരത്തിനുണ്ടായിരുന്നു. ക്യാമറാമാൻ വേണു സംവിധാനം ചെയ്ത 'ദയ ', ലോഹിയുടെ 'കന്മദം ' പിന്നെ മറ്റൊന്നും. 

താല്പര്യമെടുത്തു ഞാൻ ആ ചിത്രങ്ങളിലെ ചില പ്രസക്ത ഭാഗങ്ങൾ ജൂറി അംഗങ്ങളെ കാണിച്ചപ്പോൾ അന്തരീക്ഷം ആകെ മാറി. 'ഇതാരാണീ അഭിനേത്രി ?' എന്ന ചോദ്യം ഉയർന്നു വരാൻ തുടങ്ങി. അടുത്ത അവാർഡ് പരിഗണന വരുമ്പോൾ ആ കുട്ടിക്ക് അർഹമായതുകിട്ടും എന്ന് പറഞ്ഞു അവർ ഫയൽ അടക്കും മുൻപ് ഞാൻ ഒന്ന് ഇടപെട്ടു .

"ഇല്ല ; അതിനി നടക്കില്ല . ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടൻ വിവാഹം കഴിക്കുകയാണ്. പിന്നെ അഭിനയമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. ആ കുട്ടിയുടെ കഴിവിൽ നിങ്ങൾക്കു തൃപ്തിയുണ്ടെങ്കിലതിനുള്ള അംഗീകാരം എന്താണേലും ഇക്കുറി കൊടുക്കണം. അത് കമ്മറ്റിയുടെ തീരുമാനമായി കരുതിയാൽ പോരെ ?"

എന്റെ ശ്രമം പാഴായില്ല. ആ വർഷത്തെ അവാർഡ് പരിഗണനയിൽ ജൂറി മെംബേഴ്സിന്റെ നല്ല മനസ്സുകൊണ്ടും 'മൊഞ്ചുള്ള മഞ്ചുവിന്റെ ' അസൂയാവഹമായ കഴിവ് കൊണ്ടും ജൂറിയുടെ പ്രത്യേക പരാമർശം മഞ്ജുവിന് കിട്ടിയപ്പോൾ എന്തോ ഒരു നല്ല കർമത്തിനു കൂട്ടു നിന്ന സുഖം എന്റെ മനസ്സിനും!