മലയാളത്തിലെ ആദ്യ ഇന്റര്‍നെറ്റ് എസ്‌‌യുവി ലെനയ്ക്ക് സ്വന്തം; രാജകീയം ഹെക്ടര്‍

മലയാള സിനിമയിലെ ആദ്യ ഹെക്ടർ ഉടമയുമായിരിക്കുന്നു ലെന. രണ്ടുമാസം മുമ്പ് ബുക്ക് ചെയ്ത വാഹനം കഴിഞ്ഞ ദിവസമാണ് ലെനയ്ക്ക് ലഭിച്ചത്. എംജി മോട്ടറിന്റെ തൃശ്ശൂർ ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.

ഇന്ത്യൻ വാഹന ലോകത്ത് ആവേശങ്ങൾ സൃഷ്ടിച്ചാണ് ‌‌‌ജൂൺ അവസാനം എംജി, ഹെക്ടറിനെ പുറത്തിറക്കിയത്. ഒരു മാസത്തിനുള്ളിൽ 21000 ബുക്കിങ് ലഭിച്ചതിനെ തുടർന്ന് താൽക്കാലികമായി ബുക്കിങ് നിർത്തിവെച്ചിരിക്കുകയാണ് കമ്പനി. കുറഞ്ഞ വിലയും പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വൻജനപ്രീതിക്കു പിന്നിൽ.

പെട്രോൾ എൻജിനുള്ള അടിസ്ഥാന വകഭേദമായ സ്റ്റൈലിന് 12.18 ലക്ഷം രൂപ മുതൽ ഡീസൽ എൻജിനുള്ള മുന്തിയ വകഭേദമായ ഷാർപ്പിന് 16.88 ലക്ഷം രൂപ വരെയാണ് ഷോറൂം വില. മൂന്നു എൻജിൻ സാധ്യതകളോടെയാണ് ഹെക്ടറിന്റെ വരവ്. രണ്ടു പെട്രോളും ഒരു ഡീസലും. 1.5 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 143 പി എസ് വരെ കരുത്തും 250 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയോടെയും ഈ എൻജിൻ ലഭ്യമാവും. ജീപ് കോംപസിലും ടാറ്റ ഹാരിയറിലുമുള്ള രണ്ടു ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിൻ തന്നെയാണു ഹെക്ടറിലുമെത്തുന്നത്. 173 പിഎസോളം കരുത്തും 350 എൻ എം ടോർക്കുമാണ് ഹെക്ടറിൽ ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സും പെട്രോൾ എൻജിനൊപ്പം ഡി സി ടി ഗീയർബോക്സുമാണ് ലഭിക്കുന്നത്.