കൂട്ടായ പരിശ്രമത്തിലൂടെ ജനകീയ സിനിമ; കറുപ്പൊരുക്കി എന്‍.എസ്.എസ് വളന്‍റിയര്‍മാർ

അസാധ്യമായത് ഒന്നുമില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് കണ്ണൂരിലെ വേങ്ങാട് ഇ.കെ.നായനാര്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍. കൂട്ടായ പരിശ്രമത്തിലൂടെ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജനകീയ സിനിമയാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചിരിക്കുന്നത്. ജിനേഷ് കുമാര്‍ എരമത്തിന്‍റെ രചനയില്‍ കറുപ്പ് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടി.ദീപേഷാണ്.

അന്തിയുറങ്ങാന്‍ വീടില്ലാത്ത രണ്ട് കുടുംബങ്ങള്‍ക്ക് നേരത്തെ, സ്നേഹവീട് നിര്‍മിച്ച് നല്‍കി മാതൃകയായവരാണ് ഈ വിദ്യാര്‍ഥികള്‍. ഇന്നവര്‍ ഒരു സിനിമ നിര്‍മിച്ചിരിക്കുന്നു. എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍  സമാഹരിച്ച തുകയ്ക്കൊപ്പം ചില വ്യക്തികള്‍ കൂടി സഹായിച്ചതോടെ സിനിമ പിറന്നു.  ആദിവാസി വിഭാഗത്തില്‍പെടുന്ന കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം പ്രമേയമാക്കിയാണ് കറുപ്പ് ഒരുക്കിയത്. ആറളം ഫാം ഒമ്പതാം ബ്ലോക്കിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി നന്ദന്‍ ചന്ദ്രനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 

കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ ഏഴുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. മുപ്പത്തിയെട്ട് ലക്ഷം രൂപയാണ് ചെലവ് വന്നത്. കണ്ണൂര്‍ ജില്ല പഞ്ചായത്തിന്‍റെ സഹകരണവുമുണ്ടായിരുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. സിനിമയിലൂടെ ലഭിക്കുന്ന ലാഭം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കാനാണ് ഈ മിടുക്കര്‍ ലക്ഷ്യമിടുന്നത്.