ഒരുമിച്ച് ജീവിക്കണം, കുഞ്ഞുങ്ങൾ വേണം; കുറച്ച് സമയമേയുള്ളൂ; നവാബ് പറഞ്ഞത്

ചന്ദ്രലേഖ, മേഘം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. അടുത്തിടെയാണ് പൂജയും ബോളിവുഡ് നടൻ നവാബ് ഷായും വിവാഹിതരായത്.  കീര്‍ത്തിചക്ര എന്ന ചിത്രത്തിൽ വില്ലനായെത്തിയ താരമാണ് നവാബ്. ആദ്യ കാഴ്ചയിൽത്തന്നെ പൂജയോട് പ്രണയം തോന്നിയെന്ന് നവാബ് നേരത്തെ പറഞ്ഞിരുന്നു. 

പൂജയുമായുള്ള പ്രണയകഥ തുറന്നുപറയുകയാണ് നവാബ് ഒരഭിമുഖത്തിൽ. ''എനിക്ക് പൂജയെ ഇരുപത് വർഷങ്ങളായി അറിയാം. എന്നാൽ വർഷങ്ങൾക്ക് ശേഷം ലോസ് ആഞ്ജൽസിലെ വിമാനത്താവളത്തിൽ വെച്ച് ഞാൻ പൂജയെ കണ്ടു, പരിചയം പുതുക്കി. ആദ്യകാഴ്ചയിൽ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി. പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചിലവഴിക്കാൻ തുടങ്ങി.

'എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പൂജയോട് വിവാഹാഭ്യർഥന നടത്തിയത്. ഒന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്നില്ല. എങ്ങനെയോ അത് സംഭവിച്ചു. അവളാണ് എനിക്ക് ചേരുന്ന പങ്കാളി എന്ന് തോന്നിയിരുന്നു. ഞാൻ അവളോട് പറഞ്ഞു, നമുക്ക് ഒരുമിച്ച് ജീവിക്കാനും കുഞ്ഞുങ്ങൾ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ. എന്നെ വിവാഹം കഴിക്കാമോ എന്ന്. 

'അഞ്ച് മാസത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചത്. എല്ലാം യാദൃശ്ചികം'- നവാബ് പറഞ്ഞു.