പത്തുലക്ഷം വാങ്ങി: മൂന്നുദിവസം ഒാടിച്ചിട്ട് മാറ്റിക്കോ; ഒരു സിനിമയെ കൊന്ന കഥ; ചതി

‘നിയൊക്കെ എന്നെ പഠിപ്പിക്കാൻ വരല്ലേ.. എനിക്ക് സൗകര്യപ്പെടില്ല. നിങ്ങളെയും നിന്റെയൊക്കെ സിനിമയെയും തീർത്തുകളയും..’ ഇതിനപ്പുറം പറഞ്ഞ വാക്കുകൾ സഭ്യമല്ലത്തത് കൊണ്ട് ഇവിടെ എഴുതുന്നില്ല. ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നത്തിന് ആ സിനിമ വിതരണത്തിനെടുത്ത വ്യക്തി അടിച്ച അവസാനത്തെ ആണിയാണിത്. ദിവസങ്ങൾക്ക് മുൻപ് തിയറ്ററിലെത്തിയ നീർമാതളം പൂത്ത കാലം  എന്ന സിനിമയുടെ അണിയറക്കാരോട് ചിത്രം വിതരണത്തിനെടുത്ത വ്യക്തിയാണ് ഇപ്രകാരം പറഞ്ഞത്. ചതിയുടെ വലിയ കഥയാണ് ഇൗ യുവാക്കൾ ഇപ്പോൾ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നത്. ചിത്രം സംവിധാനം ചെയ്ത 23 വയസ് മാത്രം പ്രായമുള്ള അമൽ കണ്ണൻ പറയുന്നതിങ്ങനെ.

‘ഒരുപാട് ആഗ്രഹിച്ച ശേഷമാണ് ഇങ്ങനെയൊരു സിനിമ സത്യമായത്. ഇൗ പ്രായത്തിലുള്ള എന്നെ വിശ്വസിച്ച് ഇത്ര പണം മുടക്കാൻ ഒരു നിർമാതാവ് മുന്നോട്ട് വന്നത് തന്നെ അത്രത്തോളം ആഗ്രഹം ഞങ്ങളിലുണ്ടെന്ന് മനസിലാക്കിയാണ്. 70ൽ പരം പുതുമുഖങ്ങളാണ് ഇൗ സിനിമയിൽ ഉള്ളത്. അതിനപ്പുറം കുറേ നാളത്തെ ഞങ്ങളുടെ സ്വപ്നവും അധ്വാനവുമാണ് ഇൗ സിനിമ. വൈറ്റ് പേപ്പർ മിഡിയ എന്ന സ്ഥാപനത്തെയാണ് ഞങ്ങൾ സിനിമയുടെ വിതരണം ഏൽപ്പിച്ചത്. അവിടെ മുതലാണ് ഞങ്ങൾ ചതിക്കപ്പെട്ടത്. 

പത്തുലക്ഷത്തോളം രൂപ അവരുടെ അക്കൗണ്ടിലേക്ക് ഞങ്ങൾ ഇട്ടുക്കൊടുത്തു. കേരളത്തിലെമ്പാടും തിയറ്ററുകളും പ്രചാരണവും നടത്താമെന്ന് അവർ ഞങ്ങൾക്ക് വാക്കുതന്നു. തിരുവനന്തപുരത്ത് ഞങ്ങൾ എല്ലാവരും സജീവമായി സിനിമക്കായി പ്രചാരണം നടത്തി. സിനിമ തിയറ്ററിലെത്തിയപ്പോൾ മികച്ച അഭിപ്രായവും കിട്ടിയിരുന്നു. എന്നാൽ മൂന്നാം ദിവസം മുതൽ ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും ഇൗ ചതിയിൽ തകർന്നു. 

വേണ്ടത്ര പ്രചാരണമോ പോസ്റ്ററോ ഫ്ലെക്സ് ബോർഡുകളോ പോലും ചിത്രത്തിനായി വിതരണത്തിനെടുത്ത സുരേഷ് തിരുവല്ല ഒരുക്കിയില്ല. പിള്ളേരുടെ പടമാണ് രണ്ടു ദിവസം പേരിനൊന്ന് ഒാടിച്ചിട്ട് മാറ്റിക്കോ എന്നാണ് അയാൾ തിയറ്ററുകളോട് പറഞ്ഞതെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇതറിഞ്ഞ് ചോദിച്ചപ്പോൾ തെറിയും ഭീഷണിയുമാണ് ലഭിച്ചത്. ഉന്നതങ്ങളിൽ ബന്ധമുണ്ടെന്നും വേണ്ടി വന്നാൽ സിനിമയെയും നിങ്ങളെയും തീർത്തുകളയുമെന്നാണ് സുരേഷ് തിരുവല്ല ഭീഷണിപ്പെടുത്തുന്നത്. ചതി മനസിലാക്കിയ ഞങ്ങൾ കമ്മിഷണർ ഒാഫിസിലെത്തി പരാതി നൽകിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനപ്പുറം ഇനി ഇതുപോലെ ആരും ചതിക്കപ്പെടരുത്. ഒട്ടേറെ സ്വപ്നങ്ങളുമായി വരുന്ന ഒരുപാട് പേരുണ്ട്. ഇത്തരത്തിലുള്ളവർ നശിപ്പിക്കുന്നത് ഞങ്ങളുടെ ജീവിതവും പ്രതീക്ഷകളും കൂടിയാണ്’. അമൽ പറയുന്നു. 

ഇരുപത്തിമൂന്നുകാരനായ അമൽ കണ്ണന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. സിനിമയിൽ തലതൊട്ടപ്പന്മാർ ആരുമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന നിലയിൽ കൂടിയാണ് ചിത്രം ശ്രദ്ധ നേടിയത്. ഇത്തരമൊരു പ്രമേയം തന്നെ ആദ്യസിനിമയിൽ സ്വീകരിക്കാൻ അമൽ കാണിച്ച ധൈര്യം ഒരു സംവിധായകൻ എന്ന നിലയിൽ മലയാള സിനിമയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.  ഒബ്‌സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനസ് നസീര്‍ഖാന്റേതാണ് തിരക്കഥയും സംഭാഷണവും.