ശരണ്യയെപ്പറ്റി വ്യാജവാര്‍ത്ത അരുതേ; ആ കുടുംബത്തെ വീണ്ടും തളർത്തരുത്: അഭ്യര്‍ഥന

ശരണ്യയെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുതെന്ന അഭ്യർഥനയുമായി സീമ.ജി.നായർ. ബ്രെയിൻട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ ശരണ്യയുടെ അസുഖം പൂർണ്ണമായും ഭേദമായി എന്ന തരത്തിലുള്ള വാർത്തകൾ തുടർചികിൽസയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സീമ മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. സീമയുടെ വാക്കുകൾ:

ശരണ്യയുടെ അസുഖം പൂർണ്ണമായും ഭേദമായി എന്ന രീതിയിലാണ് വാർത്തകൾ വരുന്നത്. എന്നാൽ ശസ്ത്രക്രിയയിലൂടെ താൽകാലികമായ ആശ്വാസം മാത്രമാണുണ്ടായത്. അസുഖം എപ്പോൾ വേണമെങ്കിലും തിരികെ എത്താമെന്ന ഭയത്തിലാണ് ഞങ്ങൾ കഴിയുന്നത്. ഇന്ത്യയിലെ ഏതെങ്കിലും ആശുപത്രിയിൽ അസുഖം പൂർണ്ണമായി ഭേദമാക്കാനുള്ള ചികിൽസയുണ്ടോയെന്ന അന്വേഷണത്തിലാണ് ഞങ്ങൾ. ഈ അവസരത്തിൽ ഇത്തരം വ്യാജവാർത്തകൾ വരുന്നത് ശരണ്യയെ സഹായിക്കാനായി മുന്നോട്ട് വരുന്നവരെ പോലും പിൻതിരിപ്പിക്കുന്നതാണ്. 

ചികിൽസയോടൊപ്പം അവൾക്കൊരു കിടപ്പാടം കൂടി ശരിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ ശരണ്യ വീട്ടിലെത്തിയിട്ടുണ്ടെന്നുള്ള പുരോഗതിയൊഴിച്ചാൽ അസുഖത്തിന്റെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. ചികിൽസയ്ക്കുള്ള പണം പൂർണമായും ലഭിച്ചു കഴിഞ്ഞു എന്ന് ഞാൻ പറഞ്ഞതായും പ്രചരിക്കുന്നുണ്ട്. ഞാൻ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. നിർധനരായ ഒരു കുടുംബത്തെ വീണ്ടും തളർത്തുകയാണ് ഇത്തരം വാർത്തകൾ- സീമ ജി നായർ പറഞ്ഞു.