നിക്കിന്റെ സഹോദരന്റെ വിവാഹത്തിന് സാരിയിൽ തിളങ്ങി പ്രിയങ്ക; വൈറൽ ചിത്രങ്ങൾ

ലോകപ്രശസ്ത വെബ്‌സീരിസായ ഗെയിം ഓഫ് ത്രോണ്‍സില്‍ സാന്‍സ സ്റ്റാര്‍ക്കായി എത്തിയ സോഫി ടര്‍ണറും പോപ്പ് ഗായകന്‍ ജോ ജൊനാസും വീണ്ടും വിവാഹിതരായി. ഫ്രാന്‍സിലെ സരിയന്‍സില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ മെയ് ഒന്നിന് ലളിതമായ ചടങ്ങില്‍ ഇവരുടെ ആദ്യ വിവാഹം നടന്നിരുന്നു.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജോനാസിന്റെ സഹോദരനാണ് ജോ ജോനാസ്. ചടങ്ങിലെ പ്രിയങ്കയുടെ ലുക്ക് ആണ് ഇപ്പോൾ വൈറലാകുന്നത്. ഇളം പിങ്ക നിറത്തിലുള്ള സാരി ധരിച്ച് ദേശി ലുക്കിലാണ് പ്രിയങ്ക വിവാഹത്തിന് തിളങ്ങിയത്. കറുത്ത സ്യൂട്ടും കോട്ടുമായിരുന്നു നിക്കിന്റെ വേഷം. സബ്യസാചി ഡിസൈനറാണ് പ്രിയങ്കയുടെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. 

വധൂവരന്മാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ചിരിച്ചു നിൽക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഗെയിം ഓഫ് ത്രോണ്‍സില്‍ ആര്യ സ്റ്റാര്‍ക്കായി സോഫിയുടെ കൂടെ അഭിനയിച്ച മെയ്‌സി വില്യംസായിരുന്നു വധുവിന്റെ തോഴിയായി എത്തിയത്. ഈഫല്‍ ടവറിന്റെ മുന്‍പില്‍ നിന്നുള്ള സോഫിയുടെയും ജോയുടെയും ചിത്രങ്ങളെല്ലാം തന്നെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.