എനിക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇല്ല; കാര്യമറിയാന്‍ സൂര്യയുടേത് നോക്കും: ജ്യോതിക

ഏറെ ആരാധകരുള്ള താരമാണ് നടി ജ്യോതിക. സെലിബ്രിറ്റികൾ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ തനിക്ക് അക്കൗണ്ട് ഇല്ലെന്നും സിനിമയെക്കുറിച്ചുള്ള ആരാധകരുടെ അഭിപ്രായങ്ങൾ ഭർത്താവ് സൂര്യയുടെ പേജിലൂടെയാണ് അറിയുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോതിക. 

രാക്ഷസി എന്ന പുതിയ ചിത്രത്തിലാണ് ജ്യോതിക അഭിനയിക്കുന്നത്.‘രാക്ഷസിയുടെ ട്രെയിലർ കണ്ടതിനു ശേഷം പലരും എന്നെ ലേഡി സമുദ്രക്കനി എന്നു വിളിച്ചതായി സൂര്യയുടെ ട്വിറ്റർ പേജിൽ കണ്ടു. സിനിമയുടെ വിശേഷങ്ങൾ അറിയാൻ ഞാന്‍ സൂര്യയുടെ അക്കൗണ്ട് ആണ് ഉപയോഗിക്കുക. പലരും അടുത്ത സാട്ടൈ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അതെ, ഈ ചിത്രവും സാട്ടൈ, പള്ളിക്കൂടം എന്നീ സിനിമകളുടെ ഗണത്തിൽതന്നെയാണ് പെടുന്നത്. എന്നാൽ ആ ചിത്രങ്ങളേക്കാൾ ഗൗരവമേറിയ വിഷയമാണ് രാക്ഷസി കൈകാര്യം ചെയ്യുന്നത്.’–ജ്യോതിക പറയുന്നു.

‘ഇവിടെ ഒരുപാട് ബിഗ് ബജറ്റ് സിനിമകൾ പുറത്തിറങ്ങുന്നുണ്ട്. എല്ലാത്തിനും ഒരേകഥ തന്നെ. നായകൻ ഒന്നിൽകൂടുതൽ നായികമാരെ പ്രണയിക്കുന്നു. ക്ലൈമാക്സിൽ കണ്ടുശീലിച്ച ആക്‌ഷനും. എന്നാൽ ആരും ആ ചിത്രങ്ങൾക്കെതിരെ സംസാരിക്കാൻ തയാറല്ല.’–ജ്യോതിക വ്യക്തമാക്കി.

സൂര്യയുടെ ഉടമസ്ഥതയിലുള്ള ഡ്രീം വാരിയർ പിക്ചേർസ് ആണ് ചിത്രം നിർമിക്കുന്നത്. ജ്യോതികയാണ് ഈ ചിത്രം ഏറ്റെടുക്കണമെന്ന് പ്രൊഡക്‌ഷൻ കമ്പനിയോട് ആവശ്യപ്പെടുന്നതും.

ഗൗതം രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന രാക്ഷസിയില്‍ അധ്യാപികയായാണ് ജ്യോതിക എത്തുന്നത്. തന്റേടി എന്നു തോന്നിപ്പിക്കുന്ന, ശരിക്ക് വേണ്ടി പോരാടുന്ന, ശക്തമായ ഗീതാ റാണി എന്ന ടീച്ചര്‍ കഥാപാത്രത്തെയാണ്‌ ജ്യോതിക അവതരിപ്പിക്കുന്നത്.  പൂര്‍ണിമ ഭാഗ്യരാജ്, സത്യന്‍, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.