‘ജ്യോതികയെ നിര്‍ദേശിച്ചത് മമ്മൂക്ക; ഇത് സ്വപ്നതുല്യം’; കാതല്‍ പിറന്ന വഴി

മലയാളികള്‍ ഒന്നടങ്കം സന്തോഷത്തോടെയും പ്രതീക്ഷയോടെയും വരവേറ്റ ഒരു സിനിമാ പോസ്റ്റര്‍. ആ പോസ്റ്ററില്‍ മലയാളത്തിന്റെ മമ്മൂക്കയും, തമിഴകത്തിന്‍റെ ജ്യോതികയും. ജിയോ ബേബി സംവിധാനത്തിലെത്തുന്ന കാതല്‍ സിനിമയുടെ തിരക്കഥ നിർവഹിക്കുന്നത് തുടക്കക്കാരായ ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. വലിയൊരു താരനിരയുള്ള സിനിമയല്ല ഇതെന്നും കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കാതല്‍ എന്നും എഴുത്തുകാരില്‍ ഒരാളായ ആദർശ് സുകുമാരന്‍ മനോരമ ന്യൂസിനോട് പറയുന്നു. 

കാതല്‍ സ്വപ്നതുല്യം 

രണ്ടുവര്‍ഷത്തോളമായി ഒരു സിനിമ ചെയ്യണമെന്ന് ഞാനും സുഹൃത്ത് പോൾസണും തീരുമാനിച്ചിട്ട്. ഈ കഥയിലേക്ക് വന്നത് യാദൃച്ഛികമായാണ്. ഒരു താരത്തെയോ നായകനെയോ മുന്നില്‍ കണ്ട് എഴുതിയതല്ല ഈ സിനിമ. ജിയോ ചേട്ടന്‍റെയടുത്ത് എത്തിയപ്പോഴാണ്, സിനിമ മമ്മൂക്ക ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. ജിയോ ചേട്ടന്‍ കഥ കേട്ടു കഴിഞ്ഞപ്പോഴാണ്, ഒരുമിച്ച് ചെയ്യാമെന്നു പറഞ്ഞത്. പിന്നീട് നിങ്ങള്‍ ഇന്നലെ കണ്ടതുവരെ സംഭവിച്ചതെല്ലാം സ്വപ്നതുല്യമായ ഒന്നാണ്. 

മമ്മൂക്ക പറഞ്ഞ നായിക 

മലയാളത്തില്‍ ജ്യോതിക അധികം സിനിമകള്‍ ഒന്നും ചെയ്തിട്ടില്ല. തമിഴില്‍ ചിത്രങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. ഈ സിനിമയില്‍ പെര്‍ഫെക്റ്റായൊരു നായികയെ കണ്ടെത്തുക എന്നത് ഏറ്റവും റിസ്ക്കുള്ളതായിരുന്നു. ഇതിന്‍റെ ചര്‍ച്ചയ്ക്കിടെ മമ്മൂക്കയാണ് പറഞ്ഞത് 'നമുക്ക് ജ്യോതികയെ നോക്കാം' എന്ന്. ഞങ്ങളുടെ മനസില്‍പോലും വരാത്തൊരു നടിയായിരുന്നു ജ്യോതിക. മമ്മൂക്കയുടെ ചോയിസ്, അത് പെര്‍ഫെക്റ്റായ കാസ്റ്റിംഗിലേക്ക് എത്തിച്ചു. പോസ്റ്ററിന്‍റെ ഡിസൈന്‍ മമ്മൂക്കയെ കാണിച്ചിരുന്നു. ഇക്കയ്ക്കും അത് ഇഷ്ടപ്പെടുകയായിരുന്നു. ഇപ്പോഴും പോസ്റ്റര്‍ കണ്ട് ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കളും സിനിമാപ്രവര്‍ത്തകരും എത്തുന്നു. ഇന്ന് അമല്‍ നീരദ് സാറും ദിലീഷ് പോത്തനും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. ഗുരുസ്ഥാനീയര്‍ ആയിട്ടുള്ള ആളുകളില്‍ നിന്ന് വലിയ ആശംസകള്‍ വന്നു.

ജ്യോതികയും സൂര്യയയും പറഞ്ഞത് 

ജ്യോതികയും സൂര്യയുമായി വലിയ ആത്മബന്ധം ഈ സിനിമയിലൂടെ ലഭിച്ചു. ഒരോ പ്രാവശ്യം കാണുമ്പോഴും നന്നായി ഞങ്ങളെ അവര്‍ ട്രീറ്റ് ചെയ്തു. പോസ്റ്റര്‍ ജ്യോതികയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസായപ്പോള്‍ ഞങ്ങളോട് സന്തോഷം അറിയിച്ചു. ഒപ്പം സൂര്യ സാറും പോസ്റ്റര്‍ ഷെയര്‍ ചെയ്തു. വളരെ കാര്യമായി തന്നെയാണ് മാഡം കഥ കേട്ടത്. മമ്മൂക്കയാണ് നായികയെ നിര്‍ദേശിച്ചത് എന്നതും ഇരുവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം കഥാപാത്രത്തെ ഇഷ്ടപ്പെട്ടു, ഉള്‍ക്കൊള്ളാന്‍ സാധിച്ചു എന്നതും സന്തോഷം. ഇതെല്ലാം ഒത്തുവന്നതിനു ശേഷമാണ് സിനിമയിലേക്ക് അവരെത്തുന്നത്– ആദര്‍ശ് പറഞ്ഞു.


Adarsh Sukumaran About Kathal The Core Movie