‘നായികയാകാൻ മേനിയഴകു വേണം, ഇരുണ്ട നിറം പാടില്ല.. !’; നടിയുടെ ദുരനുഭവം

‘നായികയാകാൻ നല്ല മേനിയഴകു വേണം, ഇരുണ്ട നിറം പാടില്ല.. !’ സിനിമയിൽ അവസരം തേടിയെത്തിയ നടി കീർത്തി പാണ്ഡ്യനോടു പല സംവിധായകരും പറഞ്ഞത് ഇങ്ങനെയായിരുന്നു. നിറകണ്ണുകളോടെയാണ് കീർത്തി തനിക്ക് നേരിട്ട് ദുരനുഭവം കാണികൾക്കു മുന്നിൽ തുറന്നു പറഞ്ഞത്. വാക്കുകൾ മുഴുമിപ്പിക്കാൻ ബുദ്ധിമുട്ടിയ കീർത്തിയെ സഹതാരം ദീന ആശ്വസിപ്പിച്ചു. ഹരീഷ് റാം സംവിധാനം ചെയ്യുന്ന തുമ്പ എന്ന ചിത്രത്തിലൂടെയാണ് കീർത്തി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കിടെ തന്റെ ആദ്യ സിനിമാനുഭവം പങ്കുവയ്ക്കുമ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

'എന്റെ ശരീരപ്രകൃതത്തെപ്പറ്റി മോശം കമന്റുകൾ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ്' എന്നു പറഞ്ഞു കൊണ്ടായിരുന്നു കീർത്തി പ്രസംഗം ആരംഭിച്ചത്. 'ഞാനെങ്ങനെയാണോ അതിൽ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ക്യാമറ ടെസ്റ്റിനു വിളിച്ചപ്പോഴും എന്റെ നിറമോ ആകാരമോ അദ്ദേഹത്തിന് പ്രശ്നമായി തോന്നിയില്ല. ഇതു പറയാൻ കാരണം, ഏകദേശം മൂന്നര വർഷമായി പല സംവിധായകരും എന്റെ ആത്മവിശ്വാസം തകർക്കുന്ന തരത്തിൽ കമന്റുകൾ പറയുമായിരുന്നു. എന്നെപ്പോലെ ഇരിക്കുന്ന ഒരാളെ ആരെങ്കിലും സിനിമയിൽ കാണാൻ ഇഷ്ടപ്പെടുമോ, നിറം കുറവല്ലേ... എന്നുള്ള ചോദ്യങ്ങളായിരുന്നു അവസരങ്ങൾ തേടിപ്പോയപ്പോൾ എനിക്ക് ലഭിച്ചത്. ഇങ്ങനെ ആവർത്തിച്ച് കേൾക്കേണ്ടി വന്നപ്പോൾ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ ഹരീഷ് അങ്ങനെയായിരുന്നില്ല. എന്നോടു തടി വയ്ക്കണമെന്നോ, ഏതെങ്കിലും രീതിയിൽ കാഴ്ചയിൽ മാറ്റം വരുത്തണമെന്നോ ആവശ്യപ്പെട്ടിരുന്നില്ല,' കീർത്തി പറഞ്ഞു.  

'ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ കഴിവിൽ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹം രൂപപ്പെടുത്തിയ കഥാപാത്രത്തിന് ജീവൻ നൽകാൻ എനിക്കു കഴിയും എന്ന് അദ്ദേഹം വിശ്വസിച്ചു. എനിക്കു വേണ്ടി അദ്ദേഹം ചെയ്തത് വലിയൊരു കാര്യമാണ്. അതെനിക്ക് മറക്കാൻ കഴിയില്ല,' കീർത്തി കൂട്ടിച്ചേർത്തു.  ശ്രദ്ധ എന്ന മോഹൻലാൽ ചിത്രത്തില്‍ വില്ലനായി അഭിനയിച്ച അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി. അഭിനേതാവ്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച അരുൺ പാണ്ഡ്യൻ ഇപ്പോൾ തമിഴ് രാഷ്ട്രീയത്തിലും സജീവമാണ്.

കീർത്തിക്ക് നേരിടേണ്ടി വന്നതിന് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് സഹതാരമായ ദീനയും പങ്കുവച്ചു. നിറത്തെയും ലുക്കിനെയും പരിഹസിക്കുന്ന തരത്തിൽ നിരവധി കമന്റുകൾ സമൂഹമാധ്യമങ്ങളിൽ അനുദിനം വരാറുണ്ടെന്ന് ദീന പറഞ്ഞു. കാഴ്ചയിലുള്ള അഴകിനെക്കാൾ അഭിനയത്തിലുള്ള അഴകാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കാടിന്റെ കഥ പറയുന്ന 'തുമ്പ' ജൂൺ 21ന് റിലീസ് ചെയ്യും.