‘വൈറസി’ൽ മുഖ്യമന്ത്രിയില്ല; ഇത് ചരിത്ര നിഷേധം; ആഷിഖിനെതിരെ ഹരീഷ് പേരടി; കുറിപ്പ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെയുള്ള അതിജീവനത്തിന്റെ കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസ് വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിലെ ഒട്ടുമിക്ക യുവതാരനിരയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ‌ നിപ സമയത്ത് കോഴിക്കോട് സേവനം അനുഷ്ഠിച്ച ഡോക്ടർമാരും, നിപയ്ക്കെതിരെ പോരാടിയവരും മരിച്ചവരും രാഷട്രീയ രംഗത്തുള്ളവരും കലക്ടറും ആരോഗ്യമന്ത്രിയും എല്ലാം കഥാപാത്രങ്ങളായെത്തുന്നു. 

ഇത്രയും കഥാപാത്രങ്ങളെ വച്ച് ഈ കഥ അഭ്രപാളിയിൽ എത്തിച്ചതിന് ആഷിഖിനെ പ്രശംസിക്കുകയാണ് എല്ലാവരും. എന്നാൽ അതിലെ ചെറിയ പോരായ്മ ചൂണ്ടിക്കാട്ടി വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. മുഖ്യമന്ത്രിയെ കഥാപാത്രമാക്കിയില്ല എന്നതാണ് ഹരീഷിന്‍റെ പരാതി.  ഫെയ്സ്ബുക്കിലൂടെയാണ് ഹരീഷ് പേരടി തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. 'ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. മഹാരാജാസിലെ എസ്എഫ്ഐ ക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുകട..’ ഹരീഷ് തുറന്നുചോദിക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: 


ഏല്ലാ കഥാപാത്രങ്ങളും ഒറിജിനലായിട്ടും ശരിക്കും ഒറിജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല.... ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്... വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും ....ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ...മഹാരാജാസിലെ SFIക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക.