എട്ട് വർഷമായി ആഷിഖിനോട് ചാൻസ് ചോദിക്കുന്നു; വൈറസ് കിട്ടിയത് അങ്ങനെ: ആസിഫ് അലി

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് അലി മലയാള സിനിമാലോകത്തേക്കെത്തുന്നത്. എഴുപതോളം ചിത്രങ്ങളില്‍ ഇതുവരെ അഭിനയിച്ചു. സിനിമയിലെത്തി പത്ത് വർഷമായിട്ടും ഇപ്പോഴും അവസരം ചോദിച്ച് സംവിധായകരെ സമീപിക്കാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ആസിഫ്. എട്ട് വർഷത്തോളം അവസരം ചോദിച്ചതിന് ശേഷമാണ് ആഷിഖ്  അബു സംവിധാനം ചെയ്ത വൈറസിലെ റോൾ ലഭിച്ചതെന്നും ഒരു  അഭിമുഖത്തിൽ ആസിഫ് പറഞ്ഞു. 

''കഥാപാത്രങ്ങളില്ലാത്തത് കൊണ്ടല്ല അവസരം ചോദിക്കുന്നത്. ചില സംവിധായകർക്കൊപ്പം സിനിമ ചെയ്യണമെന്ന് തോന്നും. ചിലരുടെ സിനിമകൾ കാണുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യാൻ തോന്നും. അത് സിനിമയോടുള്ള ഇഷ്ടം കാരണമാണ്. 

രാജീവേട്ടനൊപ്പം (രാജീവ് രവി) ഒരു സിനിമ ചെയ്യാൻ പോകുകയാണ്. അതിൽ ഒരുപാട് സന്തോഷമുണ്ട്. വൈറസിന്റെ ഷൂട്ടിങ്ങിനിടെയാണ് രാജീവേട്ടനെ പരിചയപ്പെടുന്നതും സംസാരിക്കുന്നതും. ബോളിവുഡിൽ പോലും പേരെടുത്ത കാമറാമാൻ ആണ് അദ്ദേഹം. അദ്ദേഹം ചെയ്ത സിനിമകളെല്ലാം നമുക്കിഷ്ടപ്പെട്ട സിനിമകളാണ്. അദ്ദേഹത്തിനോട് അവസരം ചോദിക്കണമെന്ന് തീരുമാനിച്ചിരുന്നു. 

''ചോദിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. അപ്പോഴാണ് അദ്ദേഹം ഇങ്ങോട്ട് പറയുന്നത്, ഒരു സിനിമയുണ്ട് നീ കേട്ടുനോക്കാൻ. ഒരു ചാൻസ് തരുമോ എന്ന് ചോദിക്കാനിരിക്കുകയായിരുന്നു ഞാൻ എന്ന് അദ്ദേഹത്തോട് പറഞ്ഞു. 

''സന്തോഷ് ശിവന്റെ അടുത്ത് പോയി അവസരം ചോദിക്കുന്നതിൽ ഒരു മോശവും വിചാരിക്കേണ്ട കാര്യമില്ല. കാരണം അദ്ദേഹം ഒരു അന്താരാഷ്ട്ര ചലച്ചിത്രകാരനാണ്. അദ്ദേഹത്തിന്റെ സിനിമകൾ നമ്മൾ പഠിക്കുന്നവയാണ്. ചാൻസ് ചോദിച്ച് കിട്ടിയാൽ എനിക്കും സിനിമ കാണുന്നവർക്കുമാണ് അതിന്റെ ഗുണം. 

''ലാല്‍ ജോസ്, അൻവർ റഷീദ് എന്നിവരോട് സ്ഥിരമായി ചാൻസ് ചോദിക്കാറുണ്ട്. ആഷിഖ് അബുവിനോട് കഴിഞ്ഞ എട്ട് വർഷമായി ചാൻസ് ചോദിച്ചിട്ടാണ് വൈറസിൽ ഒരു റോൾ നൽകിയത്. അതൊരു സന്തോഷമാണ്''- ആസിഫ് പറഞ്ഞു.