‘അഭിനയം എളുപ്പമല്ല; ഇന്ദ്രൻസ് തന്ന പാഠം’; ‘വൈറസി’ൽ തിളങ്ങി സുഡാനി സംവിധായകൻ

കേരളം ഒന്നായി നിപ എന്ന ഭീതിയെ നേരിട്ടതും അതീജീവിച്ചതും മലയാളി കാഴ്ചക്കാര്‍ അഭ്രപാളികളിൽ കാണുകയാണ് ഇപ്പോള്‍. ആഷിക് അബു ഒരുക്കിയ വൈറസ് പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ്. കണ്ടതും കേട്ടതും അനുഭവിച്ചതുമായ സന്ദർഭങ്ങളാണ് ചിത്രത്തിൽ മിന്നിമായുന്നത്. കഥാപാത്രങ്ങളായി വന്നുപോകുന്നത് മലയാളത്തിലെ നിരവധി താരങ്ങളും. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്ത് ശ്രദ്ധേയനായിരിക്കുകയാണ് സക്കരിയ മുഹമ്മദ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ വൈറസിലും അതേ പേരിൽ തന്നെയാണ് എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കാമറയ്ക്ക് പിന്നിൽ നിന്നും മുന്നിലേക്കെത്തിയതിന്റെ കഥ പങ്കുവയ്ക്കുകയാണ് സക്കരിയ മനോരമ ന്യൂസ് ഡോട് കോമിനോട്. ഒപ്പം വൈറസിന്റെ വിശേഷങ്ങളും.

സംവിധായകൻ നടനായപ്പോൾ

അഭിനയം എനിക്ക് താൽപര്യമുള്ള മേഖലയാണ്. വർഷങ്ങളായി നാടകങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കുറച്ച് ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഇത്ര വലിയൊരു സിനിമയിൽ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. അതിന്റെ പരിഭ്രമം എനിക്ക് ഉണ്ടായിരുന്നു. ‌പിന്നെ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവരെല്ലാം വേണ്ടപ്പെട്ടവരാണ്. സംവിധായകൻ ആഷിക് അബു, തിരക്കഥയൊരുക്കിയ മുഹ്സിൻ പെരാരി, ഷറഫു, സുഹാസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഈ സിനിമയിലേക്ക് എന്നെയും എത്തിച്ചത്. ഇത്ര വലിയ ഒരു സിനിമയായതുകൊണ്ടു തന്നെ അൽപം പേടിയോടുകൂടി തന്നെയാണ് സമീപിച്ചത്. എന്റെ കഥാപാത്രത്തിന് സിനിമയിൽ വലിയ പ്രാധാന്യം ഉണ്ട്. എന്റെ പരിചയമില്ലായ്മ സിനിമയെ ബാധിക്കരുത് എന്ന പ്രാർഥനയുണ്ടായിരുന്നു.

'നിപ' എന്ന സത്യവും സിനിമയും

നിപ ബാധിതനായിട്ടുള്ള വേഷമാണ് എന്റേത്. നിപ ബാധയേറ്റയാളുടെ മാനറിസങ്ങളൊക്കെ പറഞ്ഞ് തന്നത് സിനിമയിൽ തന്നെ സഹകരിച്ച ‍ഡോക്ടർമാരും മെ‍ഡിക്കൽ പിജി വിദ്യാർഥികളുമാണ്. പിന്നെ ഇത് സംബന്ധിച്ച് വിഡിയോകളും കണ്ടു. അങ്ങനെയാണ് ആ വേഷം ചെയ്തത്.  നിപ കേരളത്തിലേറ്റ സംഭവം അതേപടി പകർത്തിയിരിക്കുകയല്ല സിനിമയിൽ. അതിൽ ഫിക്ഷൻ ഉണ്ട്. സിനിമയ്ക്കായി ഉണ്ടാക്കിയെടുത്ത സന്ദർഭങ്ങളുണ്ട്. എന്റെ കഥാപാത്രവും അങ്ങനെ തന്നെയാണ്. ഒരിക്കലും അത് നടന്ന സംഭവത്തിന്‍റെ തനിപകർപ്പല്ല. 

ഇന്ദ്രൻസ് നൽകിയ പാഠം

എനിക്ക് ഇന്ദ്രൻസിന്റെ കൂടെ കുറച്ച് സീനുകൾ ഉണ്ടായിരുന്നു. അത് വലിയ ഒരു അനുഭവമായി കരുതുന്നു. ഇത്രയും എക്സ്പീരിയൻസുള്ള ആളുടെ കൂടെ അഭിനയിക്കാൻ സാധിച്ചു. ആദ്യമേ തന്നെ ഞാൻ  അദ്ദേഹത്തിനോട് എനിക്ക് നിർദേശങ്ങളൊക്കെ തരണം എന്ന് പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞ് ഇത് നമ്മൾ അനുസരിക്കുന്ന ഇടമാണ് എന്നാണ്. എന്താണോ സംവിധായകനും മറ്റ് അണിയറ പ്രവർത്തകരും പറയുന്നത് അത് നടന്മാർ അനുസരിക്കുകയാണ് വേണ്ടത് എന്നാണ്. 

സംവിധാനമല്ല അഭിനയം

കാമറയ്ക്ക് പിന്നിൽ തന്നെ തുടരാനാണ് കൂടുതൽ താൽപര്യം. വേറൊന്നും കൊണ്ടല്ല. പിന്നിലാണ് എനിക്ക് കൂടുതൽ കംഫർട്ട്. സിനിമയിൽ അഭിനയിച്ചപ്പോഴാണ് നടന്മാരുടെ കഷ്ടപ്പാട് എത്രമാത്രമാണെന്ന് മനസ്സിലാക്കിയത്. ഈ സിനിമയിൽ തന്നെ എത്ര കഥാപാത്രങ്ങളാണ്. എല്ലാവരും ഒന്നിനൊന്ന് മികച്ച പെർഫോമൻസാണ് കാഴ്ച വയ്ക്കുന്നത്.  ഈ സിനിമയിൽ എന്റേത് മികച്ച പെർഫോമൻസാണ് എന്ന് എനിക്ക് അഭിപ്രായമില്ല. ഈ സിനിമ കണ്ട ്എന്നെ പുതിയ സിനിമയിലേക്ക് വിളിക്കുമോ എന്നും അറിയില്ല. എന്നാലും അഭിനയം എനിക്ക് ഇഷ്ടമാണ്.

കാമറയ്ക്ക് പിന്നിലേക്ക്

മൂഹ്സിൻ പെരാരിയും ഞാനും ചേർന്ന് ഒരു സിനിമയുടെ ആലോചനയിലാണ്. പിന്നെയും ചില പ്രൊജക്ടുകളൊക്കെ പരിഗണനയിലുണ്ട്. ഒന്നും ഉറപ്പായിട്ടില്ല. വൈറസ് പുറത്തിറങ്ങി നല്ല അഭിപ്രായം കേൾക്കുന്നതിൽ സന്തോഷം. എല്ലായിടത്തും ചിത്രം ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാകുന്നുണ്ട്. സിനിമയുടെ ഭാഗമായതിൽ സന്തോഷം.