‘ഞങ്ങള്‍ തിന്നുന്നതും അരി തന്നെ’; ശ്രീനിവാസനെയും ദിലീപിനെയും തുണച്ച് കുറിപ്പ്

സിനിമയിലെ വനിതാ കൂട്ടായ്മയെ വിമര്‍ശിച്ചും നടന്‍ ദിലീപിനെ അനുകൂലിച്ചും ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ശ്രീനിവാസന്റെ ചോദ്യങ്ങൾ സാധാരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണെന്ന് ഹരീഷ് പേരടി പറയുന്നു. ഞാന്‍ കണ്ട മലയാള സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളില്‍ രണ്ടെണ്ണം ' വടക്കുനോക്കി യന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ് എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. സ്വന്തം പേരിൽ 240 കേസുള്ള ആളുകൾ നമ്മുടെ ജനപ്രതിനിധികളാകാൻ മൽസരിക്കുമ്പോഴാണ്, കോടതി കുറ്റവാളി എന്നു പറയാത്ത ഒരാൾക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങൾ എന്നാണ് പേരടിയുടെ വിമർശനം.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം:
ഞാന്‍ കണ്ട മലയാള സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളില്‍ രണ്ടെണ്ണം ' വടക്ക്‌നോക്കി യന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ്. എല്ലാ കോർപറേറ്റിവ് സൊസൈറ്റികളിലും മെംബര്‍ഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികള്‍, എന്നെ ഉള്‍കാഴ്ചയില്ലാത്ത മദ്ധ്യവര്‍ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം. കാരണം ഞങ്ങള്‍ കൃത്യമായി ടാക്‌സും അടക്കാറുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ചെയ്യാറുണ്ട്.

സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾക്കു കാരണമാകുന്ന, സമൂഹത്തിലെ സ്ത്രീ വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിക്കാത്ത WCC–യുടെ ലക്ഷ്യം എന്താണെന്ന് ‘എനിക്ക് മനസ്സിലായില്ലാ’ എന്ന് അദ്ദേഹം ചോദിക്കുമ്പോൾ അത് സാധാരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്... പിന്നെ സ്വന്തം പേരിൽ 240 കേസുള്ള ആളുകൾ നമ്മുടെ ജനപ്രതിനിധികളാകാൻ മൽസരിക്കുമ്പോഴാണ്, കോടതി കുറ്റവാളി എന്നു പറയാത്ത ഒരാൾക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങൾ.... നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത്... അരി തന്നെയാണ് തിന്നുന്നത്..