ഗംഭീര മേക്കോവർ; അതിസുന്ദരിയായി മീര ദിലീപിനൊപ്പം; കാത്തിരിപ്പിലെന്ന് ആരാധകര്‍

ഒരുകാലത്ത് മലയാളസിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. വിവാഹശേഷം വിദേശത്തേക്ക് പോയ താരം സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. പിന്നീട് മീര ജാസ്മിനെ മലയാളികൾ കണ്ടത് അപൂർവ്വമായി മാത്രം. 

‌ദിലീപിന്റെയും കാവ്യയുടെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മീരയെത്തിയിരുന്നു. അതിനിടെ മറ്റൊരു ചിത്രവും പുറത്തുവന്നു. വണ്ണം കൂടിയെന്നായിരുന്നു അന്ന് ആരാധകർ പ്രതികരിച്ചത്. 

‌എന്നാൽ ഇപ്പോഴിതാ വണ്ണം കുറച്ച് ഗംഭീര മേക്കോവറിൽ തിളങ്ങുകയാണ് മീര. സംവിധായകൻ അരുൺ ഗോപി ആണ് ആദ്യമായി മീരയുടെ ചിത്രം പുറത്തുവിട്ടത്. പിന്നാലെ മലയാള സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവാണോ ഇതെന്നായി ആരാധകർ. 

ഇപ്പോൾ നടൻ ദിലീപിനൊപ്പമുള്ള മീരയുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മീരയുടെ ആദ്യചിത്രമായ സൂത്രധാരനിൽ ദിലീപ് ആയിരുന്നു നായകൻ. ഗ്രാമഫോൺ, വിനോദയാത്ര, കൽക്കട്ട ന്യൂസ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. 

2016ൽ പുറത്തിറങ്ങിയ 10 കൽപ്പനകള്‍ ആണ് മീര ഒടുവിലഭിനയിച്ച മലയാളിചിത്രം. പുതിയ ലുക്കിലുള്ള മടങ്ങിവരവ് സിനിമയിലേക്കുള്ള തിരിച്ചുവരവാണോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.