ലിബര്‍ട്ടി ബഷീറിന്‍റെ പരാതി: ദിലീപിനെതിരെ മാനനഷ്ടക്കേസ്; 7ന് ഹാജരാകണം

നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്‍റെ പരാതിയില്‍ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. നവംബര്‍ 7ന് ദിലീപ് തലശേരി കോടതിയില്‍ ഹാജരാകണം. നടിയെ ആക്രമിച്ച കേസിനുപിന്നില്‍ ബഷീറാണെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് കേസ്.  വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം,  നടി ആക്രമണക്കേസില്‍ തുടരന്വേഷണ സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ച്. തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അന്വേഷണം തുടരുന്നുവെന്ന് വ്യക്തമാക്കിയാണ് അനുബന്ധ കുറ്റപത്രം. മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടനയില്‍ മാറ്റമുണ്ടായതും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

കഴിഞ്ഞ ജനുവരിയില്‍ തുടരന്വേഷണം ആരംഭിച്ചതിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെയും മൊഴി ലഭിച്ചിരുന്നു. ഹാക്കര്‍ സായ് ശങ്കര്‍ ദിലീപിന്റെ അഭിഭാഷകരുടെ ഓഫിസില്‍വച്ച് ദിലീപിന്റെ ഫോണിലെ ഡേറ്റ നശിപ്പിച്ചുവെന്ന് മൊഴി നല്‍കി. സാക്ഷികളെ സ്വാധീനിച്ചതിനും, തെളിവ് നശിപ്പിച്ചതിനും ദിലീപിന്റെ അഭിഭാഷര്‍ക്കെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പക്ഷേ ചോദ്യം ചെയ്യലടക്കമുള്ള തുടര്‍നടപടികള്‍ സാധ്യമായില്ല. ദീലിപിന്റെയും കൂട്ടാളികളുടെയും മൊബൈല്‍ ഫോണുകളുമായി മുംബൈയിലേക്ക് നടത്തിയ യാത്രയും ദുരൂഹമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസുമായി നേരിട്ട് ബന്ധമുള്ള തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് സംശയം. അതുകൊണ്ടുതന്നെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരും എന്ന് അനുബന്ധ കുറ്റപത്രത്തിലും വ്യക്തമാക്കിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഡിജിറ്റല്‍ ഘടനയില്‍ മാറ്റമുണ്ടായതിനെക്കുറിച്ചും അനുബന്ധ കുറ്റപത്രത്തിലുണ്ട്. ഡിജിറ്റില്‍ ഘടന മാറിയെന്ന ഫോറന്‍സിക് പരിശോധനാ ഫലം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് കിട്ടിയതെന്നും അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാനായില്ലെന്നും കോടതിയെ അറിയിച്ചു.