ദിലീപിനെതിരെ തെളിവുനശിപ്പിച്ചതിനും കുറ്റം; രഞ്ജു രഞ്ജിമാർ പുതിയ സാക്ഷി

നടിയെ ആക്രമിച്ചകേസിൽ തുടരന്വേഷണം പൂർത്തിയാക്കി അധികകുറ്റപ്പത്രം സമർപ്പിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റവും അധികമായി ചുമത്തി. ശരത്തിനെ മാത്രം പ്രതിചേര്‍ത്തപ്പോള്‍ മേക്കപ്പാർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഉൾപ്പെടെ സാക്ഷികളുടെ എണ്ണം 102 ആയി. ജനുവരിയിൽ തുടങ്ങിയ തുടരന്വേഷണം കോടതിയില്‍ നിന്ന് പലതവണ സമയം നീട്ടി വാങ്ങിയ ശേഷമാണ് പൂര്‍ത്തിയാക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ അധിക കുറപ്പത്രം സമര്‍പ്പിച്ചു. ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമാണ് ആറുമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും ദിലീപിന്റെ പക്കലുണ്ടെന്നും പലതും നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയ ക്രൈംബ്രാഞ്ച് ദിലീപിനെതിരെ തെളിവ് നശിപ്പിച്ചുവെന്ന കുറ്റവും ചുമത്തി. കാവ്യാ മാധവൻ കേസില്‍ സാക്ഷിയായി തുടരും. കാവ്യാ മാധവനും പൾസർ സുനിയും തമ്മിലുള്ള അടുപ്പം അറിയാവുന്ന വ്യക്തിയെന്ന നിലയിലാണ് രഞ്ജു രഞ്ജിമാര്‍ സാക്ഷിപട്ടികയില്‍ ഇടംപിടിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കുറ്റപത്രം സമര്‍പ്പിച്ച വിവരം വിചാരണക്കോടതിയെയും പ്രോസിക്യൂഷന്‍ അറിയിച്ചു. വിചാരണക്കോടതി ഈമാസം 27ന് കുറ്റപത്രം പരിഗണിക്കും. നടപടികൾ പൂർത്തിയായിൽ ഒരുമാസത്തിനപ്പുറം കേസിൽ വിചാരണ തുടങ്ങാനാകുമെന്നാണ് പ്രോസക്യൂഷന്റെ പ്രതീക്ഷ.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെയുള്ള ആരോപണങ്ങളിൽ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് കോടതി ചോദിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് അതിജീവിതയ്ക്ക് കോടതി മുന്നറിയിപ്പ് നൽകി.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന അതിജീവിതയുടെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കുന്നുണ്ടെന്നും, ഈ റിപ്പോർട്ട് പരിശോധിക്കുന്നതിനായി ഒരാഴ്ച കൂടി ഹർജി നീട്ടി വയ്ക്കണമെന്നും അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന്റെ കുറ്റപത്രം പരിശോധിച്ചശേഷം ഹർജി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അതിജീവത അറിയിച്ചു. ഇതിനു മറുപടിയായാണ് വിചാരണ കോടതിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഹൈക്കോടതി അതിജീവിതയെ വിമർശിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത വിചാരണ കോടതി ജഡ്ജിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ഈ ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ഇവയെന്ന് അതിജീവിത.  അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് കോടതിയുടെ മറുചോദ്യം. 

ആരോപണങ്ങൾക്കടിസ്ഥാനം കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ ആണെന്ന് അതിജീവിത അറിയിച്ചു.  തുടർന്നാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ കടുത്ത  നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി അതിജീവതക്ക് മുന്നറിയിപ്പ് നൽകിയത്. ഹർജിയിൽ കക്ഷി ചേർക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഹർജിയിൽ തന്നെക്കുറിച്ച് പരാമർശം ഉള്ളതിനാൽ തന്റെ വാദം കൂടി കേൾക്കണമെന്ന ദിലീപിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ഹർജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.