അവ‍ഞ്ചേഴ്സിന് വൻ കളക്ഷൻ; ബാഹുബലിയെ മാത്രം തൊട്ടില്ല; ആദ്യദിനം നേടിയത്

ലോകമെമ്പാടുമുള്ള സിനിമാ ആരാധകരുടെ ആവേശം വാനോളം ഉയർത്തി തിയറ്ററിൽ വമ്പൻ അഭിപ്രായം നേടി മുന്നേറുകയാണ് അവഞ്ചേഴ്‍സ്: എൻഡ് ഗെയിം. ചിത്രത്തിന് ഇന്ത്യയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകം കാത്തിരുന്ന റിലീസിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. എന്നാൽ ഇന്ത്യയിൽ അവഞ്ചേഴ്സിന് ബാഹുബലിയോട് മുട്ടാൻ കഴിഞ്ഞില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ഇന്ത്യയില്‍ നിന്ന് മാത്രം 53 കോടി രൂപയാണ് ആദ്യ ദിനം അവഞ്ചേഴ്‍സ് നേടിയത്. എന്നാൽ ബാഹുബലിയുടെ റെക്കോര്‍ഡ് ഭേദിക്കാൻ അവഞ്ചേഴ്‍സിന് കഴിഞ്ഞില്ല. ബാഹുബലി രണ്ടാം ഭാഗം ഇന്ത്യയില്‍ നിന്ന് മാത്രമായി ആദ്യ ദിനം നേടിയത് 152 കോടി രൂപയാണ്. ചൈനയിലും അവഞ്ചേഴ്‍സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഒന്നാം ദിവസം 750 കോടി രൂപയിലധികമാണ് അവഞ്ചേഴ്‍സ് സ്വന്തമാക്കിയത്. വലിയ ആരാധകരുള്ള അവ‍ഞ്ചേഴ്സ് പരമ്പരയിലെ പുതിയ ചിത്രം കാണാൻ വൻ ക്യൂവാണ് തിയറ്ററിൽ. 

സിനിമ കണ്ടുകഴിഞ്ഞവരിൽ ചിലരെങ്കിലും അതിന്റെ കഥയും സസ്പൻസുമൊക്കെ ഓൺലൈനിൽ പരസ്യപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നുമുണ്ട്. അവൻജേഴ്സിന്റെ ടിക്കറ്റ് കിട്ടാനായി കാത്തുനിന്നവരോട് സിനിമയുടെ പ്രസക്ത ഭാഗങ്ങൾ വിളിച്ച് കൂവിയ വ്യക്തിയെ ആരാധകർ തല്ലുന്ന വിഡിയോയും വൈറലായിരുന്നു.  ടിക്കറ്റ് വാങ്ങാൻ വരിനിന്നവരോടൊയി പലവട്ടം സിനിമയിലെ നിർണായക മുഹൂർത്തങ്ങൾ ഇയാൾ വിളിച്ചുകൂവി. ആദ്യമൊക്കെ ക്ഷമിച്ച ആൾക്കൂട്ടം കുറച്ച് കഴിഞ്ഞതോടെ അക്രമാസക്തമായി. വിളിച്ചുകൂവിയ ആളെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.