ലക്ഷ്മിയായി ജീവിച്ച് ദീപിക; അതിജീവനത്തിന്റെ കഥ; മേക്കോവര്‍ വിഡിയോ വൈറൽ

ദീപിക പദുകോണിന്റെ വൻ മേക്കോവർ തന്നെയാണ് താരം നായികയാകുന്ന പുതിയ ചിത്രം ‘ചപ്പാക്കി’ന്റെ ഹൈലൈറ്റ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ‘ചപ്പാക്കി’ൽ താരത്തിന്റെ ഗെറ്റപ്പ് പുറത്തു വന്നതു മുതൽ ആരാധകർ വൻ പ്രതീക്ഷയിലാണ്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാല്‍ടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ലക്ഷ്മിയുമായി അത്രമേല്‍ രൂപസാദൃശ്യമാണ് ദീപികയുടെ ഗെറ്റപ്പിന്.

കഥാപാത്രമായി മാറാനുള്ള ഹോംവര്‍ക്കിലാണ് താനെന്നും ഏറെ ആസ്വദിച്ച് താന്‍ ചെയ്യുന്ന ഒരേ ഒരു ഹോം വര്‍ക്ക് ഇതാണെന്നുമാണ് ദീപിക പറയുന്നത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം.

അഭിനയത്തിനൊപ്പം ദീപിക നിര്‍മ്മാതാവു കൂടിയാവുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ദീപിക പദുകോണിന്റെ നിര്‍മ്മാണകമ്പനിയായ കെഎ എന്റര്‍ടെയിന്‍മെന്റിന്റെ ആദ്യ നിര്‍മ്മാണസംരംഭം കൂടിയാണ് ഈ ചിത്രം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും മേഘ്നാ ഗുല്‍സാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിര്‍മ്മാണകമ്പനിയും സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.‘ചപ്പാക്കി’ന്റെ ചിത്രീകരണം മാര്‍ച്ച് 25 ന് ഡല്‍ഹിയില്‍ ആരംഭിച്ചു.