പ്രിയങ്ക-നിക്ക് ബന്ധത്തിൽ വിള്ളലെന്ന് റിപ്പോർട്ട്; രോഷം പ്രകടിപ്പിച്ച് ആരാധകർ

നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരു മാസിക പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച് സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്പതികൾ തമ്മിൽ എപ്പോഴും വഴക്കിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ദമ്പതികളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 

ലേഖനത്തിൽ നിന്ന്: പ്രിയങ്കയും നിക്കും വളരെപ്പെട്ടെന്നാണ് വിവാഹിതരായത്. അതിന്റെ ബുദ്ധിമുട്ടുകൾ അവരുടെ ബന്ധത്തിലുണ്ട്. വിവാഹമോചനത്തെക്കുറിച്ച് ഇരുവരും ആലോചിച്ചുതുടങ്ങി. പ്രിയങ്കയിൽ 'കൂൾ' ഭാര്യയെ പ്രതീക്ഷിച്ച നിക്കിന് തെറ്റി. ‌നിക്കിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് പ്രിയങ്ക എന്ന് നിക്കിന് വിവാഹശേഷം മാത്രമാണ് മനസ്സിലായത്. 

പക്വതയുള്ള സ്ത്രീയെന്ന നിലയിലാണ് നിക്കിന്റെ കുടുംബം പ്രിയങ്കയെ കണ്ടത്. 36 വയസ്സുള്ള പ്രിയങ്ക ഇപ്പോഴും 21 വയസ്സുള്ള യുവതിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് കുടുംബം പറയുന്നു. നിസാരകാര്യത്തിന് പോലും നിക്കും പ്രിയങ്കയും വഴക്കടിക്കുന്നു. ജോലി, പാർട്ടി, ഒരുമിച്ചുള്ള സമയം കണ്ടെത്തൽ എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായം- ലേഖനത്തിൽ പറയുന്നു. 

എന്നാൽ പ്രിയങ്കയും നിക്കും തമ്മിൽ അസ്വാരസ്യങ്ങളൊന്നുമില്ലെന്ന് ആരാധകർ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ നിക്കുമായുള്ള യാത്രകളും മറ്റും പ്രിയങ്ക എപ്പോഴും പങ്കുവെക്കാറുണ്ട്. 

കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ വെച്ചായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ മൂന്ന് ദിവസങ്ങളിലായി ആയിരുന്നു വിവാഹം.