പ്രിയങ്കയുടെ ആ ഗൗണ്‍ കോപ്പിയടിച്ചതോ? കണ്ടെത്തലുമായി സോഷ്യല്‍ മീഡിയ

നിരവധി ആരാധകരുള്ള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും. 2017ലെ മെറ്റ് ഗാലയായാലും 2020ലെ ഗ്രാമി അവാര്‍ഡ് ആയാലും ആരാധകരുടെ കണ്ണ് മുഴുവന്‍ ഇരുവരിലുമാണ്. വേഷവിധാനത്തിലൂടെ ആസ്വാദകരുടെ മുഴുവന്‍ പ്രശംസ പിടിച്ചുപറ്റാറുമുണ്ട് ഇവര്‍. ഏറ്റവുമൊടുവില്‍ ഗ്രാമി പുരസ്കാര വേദിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. അവിടെയും ശ്രദ്ധിക്കപ്പെട്ടത് പ്രിയങ്കയുടെ വസ്ത്രം തന്നെ. 

വെള്ള നിറത്തിലുള്ള മുഴുനീള ഗൗണ്‍ അണിഞ്ഞാണ് പ്രിയങ്കയെത്തിയത്. കഴുത്തുമുതല്‍ വയറുവരെ നീളുന്ന വി നെക്ക് ആയിരുന്നു ഗൗണിന്റെ ഹൈലൈറ്റ്. പതിവുപോലെ പ്രിയങ്കയുടെ ലുക്ക് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തു. വിമര്‍ശിച്ചവരും പ്രശംസിച്ചവരും ഉണ്ട്. അതിനിടെ പ്രിയങ്കയുടെ വസ്ത്രം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ചിലര്‍. 

20 വര്‍ഷം മുന്‍പ് പ്രമുഖ നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസ് ഗ്രാമി വേദിയെ ഞെട്ടിച്ചത് ഇതേ നെക്ക് പാറ്റേണിലുള്ള ഗൗണ്‍ ധരിച്ചാണ്. ഇതേ ഡിസൈന്‍ തന്നെയല്ലേ പ്രിയങ്കയുടേതും എന്നാണ് ചിലരുടെ സംശയം. കാലുകള്‍ മുഴുവനായും കാണുന്ന തരത്തിലായിരുന്നു ലോപസിന്റെ ഗൗണ്‍ ഡിസൈന്‍ ചെയ്തിരുന്നത്. 

 ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസിനൊപ്പമായിരുന്നു പ്രിയങ്ക 'ഗ്രാമി'പുരസ്‌കാരച്ചടങ്ങിനെത്തിയത്. നിക്കിന്റേയും സഹോദരന്മാരുടേയും സംഗീത ആല്‍ബം മികച്ച പോപ്- സംഘത്തിന് വേണ്ടി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചില്ല.