റാംപിൽ മകൾ; മൊബൈലിൽ പകർത്താൻ തിരക്കുകൂട്ടി ബിഗ് ബി; വൈറൽ വിഡിയോ

മകളുടെ റാംപ് വാക്കിന്റെ ദൃശ്യങ്ങള്‍ മൊബൈലിൽ പകർത്താൻ തിരക്കുകൂട്ടുന്ന ഒരച്ഛൻ. ആ അച്ഛൻ സാക്ഷാല്‍ അമിതാഭ് ബച്ചനും മകൾ ശ്വേത ബച്ചനുമാണ്. 

ഡിസൈനർ അബു ജാനി– സന്ദീപ് കോസ്‌ല ടീമിന്റെ ഫാഷൻ ഷോയ്ക്കിടയിലാണു സംഭവം. റാംപിൽ ചുവടുവയ്ക്കാന്‍ ബച്ചന്റെ പ്രിയ പുത്രി ശ്വേതയും ഉണ്ടായിരുന്നു. ബോളിവുഡ് സംവിധായകനും സുഹൃത്തുമായ കരൺ ജോഹറിനും സോനം കപൂറിനും ഒപ്പം ശ്വേത ചുവടുവയ്ക്കുന്നതു പകർത്താനായിരുന്നു ബച്ചൻ തിരക്കു പിടിച്ചത്.

മൊബൈലിൽ മകളുടെ പ്രകടനം പകർത്താൻ ശ്രമിക്കുന്ന പിതാവായി ബച്ചൻ മാറി. തനിക്കു മുമ്പിൽ തടസ്സമായി നിൽക്കുന്ന വിഡിയോഗ്രാഫറെ മാറ്റാൻ വിസിലടിച്ചു ശബ്ദമുണ്ടാക്കാൻ ബച്ചൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഭാര്യ ജയ ബച്ചനും പരിപാടിയിൽ പങ്കെടുക്കാൻ എത്തി.