ലോക ജലദിനം; വേറിട്ട ആശയവുമായി 'ഡ്രോപ് ഓഫ് ഡ്രീംസ്'

ലോക ജലദിനത്തില്‍ വേറിട്ട ആശയവും ശൈലിയും പങ്കുവച്ച് പുറത്തിറങ്ങിയ ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. 'ഡ്രോപ് ഓഫ്  ഡ്രീം' എന്ന ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം ഒരു പെണ്‍കുട്ടിയുടെ സ്വപ്നത്തിന്‍റെ ദൃശ്യാവിഷ്കാരമാണ്. ജലവും മല്‍സ്യങ്ങളും ജലപുഷ്പങ്ങളും നീലാകാശവും നിലാവും മേഘങ്ങളുമെല്ലാം തന്‍റേതായ ഭാവനയില്‍ വരച്ചുവച്ച് ഉറക്കത്തിലേയ്ക്ക് വീഴുന്ന പെണ്‍കുട്ടി കിണറ്റിലെ ഇത്തിരി വെള്ളത്തില്‍നിന്നും ഒരു മല്‍സ്യത്തെ രക്ഷപ്പെടുത്താനായി നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്. യാത്രയില്‍ അവള്‍ കാണുന്ന കാഴ്ചകളും അനുഭവങ്ങളും സമകാലീന പരിസ്ഥിതിയുടെ നേര്‍സാക്ഷ്യങ്ങളാണ്. അധ്യാപകനായ സുഭാഷ് പി.കെയാണ് ചിത്രമൊരുക്കിയത്. സാജന്‍ ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നീലാംബരി മുഖ്യകഥാപാത്രമാവുന്നു. മലപ്പുറം അകം പെര്‍ഫോമിംഗ് ആര്‍ട്സ് ആണ് നിര്‍മാണം.