‌‌ചിതലിനറിയില്ല മൊതലിന്‍ വില...സർട്ടിഫിക്കറ്റ് ചിതലരിച്ച ദുഖത്തിൽ പിഷാരടി

വിദ്യാലയ ജീവിതത്തിനിടെ ലഭിച്ച സർട്ടിഫിക്കറ്റുകൾ കാണുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ്. നിറം മങ്ങാത്ത ഓർമകളിലേക്ക് സഞ്ചരിക്കാൻ അതൊന്നു കയ്യിലെടുക്കുകയേ വേണ്ടൂ. സർട്ടിഫിക്കറ്റിനൊരു പോറൽ പോലും ഏൽക്കാതെ സൂക്ഷിക്കുന്നവരാണ് മിക്കവരും. 

സ്കൂൾ കാലത്ത് ലഭിച്ച സർട്ടിഫിക്കറ്റുകൾ ചിതലരിച്ചു പോയതിന്റെ വിഷമത്തിലാണ് രമേഷ് പിഷാരടി. കുട്ടിക്കാലം മുതൽക്കേ നല്ലൊരു സ്റ്റേജ് കലാകാരനായിരുന്നു താരം. ആ സർട്ടിഫിക്കറ്റുകൾ ചിതൽ തിന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പങ്കുവച്ചാണ് താരം വിഷമം അറിയിച്ചത്. 

‘ചിതലിനറിയില്ല മൊതലിന്‍ വില... പഴയ സര്‍ട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈര്‍പ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയില്‍ കിട്ടി. ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി... 2005 ഡിസംബറില്‍ 25 പരിപാടി, മഴക്കാലമായ ജൂലൈയില്‍ 10 പരിപാടി. ഒരു റേഡിയോ അഭിമുഖത്തിൽ 'മാസം 30 സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് 'എന്നു പറഞ്ഞപ്പോള്‍ അവതാരകയുടെ അടുത്ത ചോദ്യം ‘മുപ്പതോ? തള്ളല്ലല്ലോ അല്ലേ?’ തള്ളിക്കളയാനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേര്‍ ചിത്രങ്ങള്‍.’ - പിഷാരടി കുറിച്ചു

കുറിപ്പിനു മറുപടിയായി പലരും ആശ്വാസവാക്കുകൾ എഴുതി. ജീവിതത്തിൽ മുന്നേറാൻ സർട്ടിഫിക്കറ്റ് വേണ്ട എന്നായിരുന്നു ഒരാളുടെ കമന്റ്. 1400 കോടി രൂപയുടെ കരാർ രേഖ വരെ കാണാതാകുന്നു എന്നു മറ്റു രസികൻ കമന്റ്.