ആദ്യം പ്രിയയെ ആഘോഷിച്ചു; ഇപ്പോൾ നൂറിൻ; സൂക്ഷിക്കണമെന്ന് ഒമർ ലുലു

ആദ്യറിലീസിലെ ക്ലാമാക്സിനെതിരെ വിമർശനമുയർന്നതോടെ, പുതിയ ക്ലൈമാക്സുമായാണ് ഒരു അഡാർ ലൗ കഴിഞ്ഞ ബുധനാഴ്ച മുതൽ പ്രദർശനത്തിനെത്തിയത്. പുതിയ ക്ലൈമാക്സ് പ്രേക്ഷകർ ഏറ്റെടുത്തെന്നാണ് സംവിധായകൻ ഒമർ ലുലു പറയുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഒമർലുലു മനസ്സുതുറന്നത്. 

'റോഷൻ, പ്രിയ വാര്യർ, നൂറിൻ ഷെരീഫ് എന്നിവരാണ് ആദ്യഭാഗ‌ത്തിലെ ക്ലൈമാക്സിലുണ്ടായിരുന്നത്. എന്നാൽ അത് ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങി. തുടർന്നാണ് ക്ലൈമാക്സ് മാറ്റാൻ നിർബന്ധിതനായത്. 

'ഇതിന് മുൻപിറങ്ങിയ എന്റെ ചിത്രങ്ങളായ ചങ്ക്സിനും ഹാപ്പി വെഡ്ഡിങ്ങിനുമെല്ലാം ഹാപ്പി എൻഡിങ് ക്ലൈമാക്സ് ആയിരുന്നു. അതുകൊണ്ടാണ് പ്രേക്ഷകർ അതേറ്റെടുത്തത്. അഡാർ ലൗ പതിവിന് വിപരീതമായി വന്നതുകൊണ്ടാണ് പലർക്കും ഉള്‍ക്കൊള്ളാൻ കഴിയാതിരുന്നത്. 

'റിലീസിന് മുൻപ് തന്നെ ചിത്രത്തിനെതിരെ ഡീഗ്രേഡിങ് ഉണ്ടായിരുന്നു. ഡിസ്‌ലൈക്ക് ക്യാംപെയിനും ഉണ്ടായിരുന്നു. പിന്നെ ഇതിൽ അഭിനയിച്ച കുട്ടികൾ എന്തെങ്കിലും പറഞ്ഞാൽ അതിനെ പരിഹസിച്ച് ട്രോളുകൾ ഉണ്ടാക്കാൻ തുടങ്ങി.

'സിനിമ ഇറങ്ങുംമുൻപ് പ്രിയയും റോഷനും ആയിരുന്നു സോഷ്യൽ മീഡിയയിലെ താരങ്ങൾ. ഇപ്പോൾ നൂറിനെയാണ് എല്ലാവരും ആഘോഷിക്കുന്നത്. ഞാൻ നൂറിനോട് പറഞ്ഞിട്ടുണ്ട്. സൂക്ഷിച്ചോളൂ, ഇനി എപ്പോഴാണ് നിന്നെയെടുത്ത് താഴെയിടുക എന്ന് പറയാൻ പറ്റില്ലെന്ന്. 

തമിഴിലെ പ്രേക്ഷകരാണ് സിനിമയെ ഏറ്റവും കൂടുതൽ സ്വീകരിച്ചതെന്നും ഒമർ ലുലു പറഞ്ഞു.