എന്താണ് ചേട്ടനെന്നെ പ്രണയിക്കാത്തത്? ചാക്കോച്ചനോട് ചാന്ദിനി

എന്താണ് ചേട്ടനെന്നെ പ്രണയിക്കാത്തത്? – കുഞ്ചാക്കോ ബോബനോടാണ് യുവ നായിക നടി ചാന്ദിനി ശ്രീധരൻ്റെ ചോദ്യം. സിനിമയിലെ കഥാപാത്രമല്ല പ്രണയനഷ്ടത്തിൻ്റെ ദുഃഖം പുരണ്ട ഇൗ ചോദ്യം ചോദിച്ചത് എന്നതാണ് ശ്രദ്ധേയം. മലയാള സിനിമക്കാരുടെ പുതിയൊരു പ്രണയ രഹസ്യം പുറത്തായി എന്ന് ചിന്തിക്കാൻ വരട്ടെ, സിനിമയിലെന്താണ് തന്നെ പ്രണയിക്കാത്തത് എന്നായിരുന്നു യുവ താരത്തിൻ്റെ ചോദ്യം. അതുകേട്ട് ഒരു കള്ളക്കാമുക കഥാപാത്രം പോലെ ചാക്കോച്ചൻ ചിരിച്ചു. 

ഇൻസ്റ്റൻ്റ് ഹിറ്റായ തൻ്റെ പുതിയ ചിത്രം അള്ള് രാമേന്ദ്രൻ്റെ ഗൾഫ് പ്രിമിയർ ഷോയുമായി ബന്ധപ്പെട്ട് ഷാർജയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ചാക്കോച്ചൻ സിനിമാ ചിത്രീകരണത്തിന് ഒടുവിൽ നടന്ന രസകരമായ അനുഭവം പങ്കുവച്ചത്. ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിക്കുന്ന അള്ള് രാമേന്ദ്രൻ എന്ന ടൈറ്റിൽ കഥാപാത്രത്തിൻ്റെ ഭാര്യയായാണ് ചാന്ദ്നി അഭിനയിക്കുന്നത്. ചിത്രത്തിൽ ചാക്കോച്ചനുമായി താരത്തിന് പ്രണയ രംഗമുണ്ടായിരുന്നില്ല. 

ചിത്രത്തിലെ പ്രണയം മുഴുവൻ കിച്ചു എന്ന കൃഷ്ണ ശങ്കറും അപർണാ ഗോപിനാഥും തമ്മിലായിരുന്നു. ചാക്കോച്ചൻ്റെ ജോടിയാണെന്ന് അറിഞ്ഞതു മുതൽ പ്രണയരംഗങ്ങളിൽ ആടിപ്പാടി നടക്കുന്നത് സ്വപ്നം കണ്ട കോഴിക്കോട് സ്വദേശിനിയായ ചാന്ദിനിക്ക് പക്ഷേ, അഭിനയിച്ചു തീർന്നപ്പോൾ നിരാശയാണ് തോന്നിയത്. അത് താരം തുറന്നു ചോദിക്കുകയുമായിരുന്നു. കെഎൽ10 എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ചാന്ദിനി തമിഴ് സിനിമ അയിന്തു അയിന്തു അയിന്തുവിലൂടെ 2013ലായിരുന്നു അഭിനയം തുടങ്ങിയത്.  കെഎൽ10ന് ശേഷം ഡാർവിൻ്റെ പരിണാമം എന്ന ചിത്രത്തിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് കന്നഡ സിനിമാ രംഗത്തും സജീവമായി.

അള്ള് രാമേന്ദ്രനെ തൻ്റെ കഥാപാത്രത്തെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുമ്പോൾ, ചാന്ദിനിയുടെ ചോദ്യത്തേക്കുറിച്ച് ചിരിച്ചുകൊണ്ടാണ് ചാക്കോച്ചൻ വിവരിച്ചത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന മനോഹരമായ സിനിമയാണ് അള്ള് രാമേന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ കണ്ടുപരിചയിച്ച സാധാരണക്കാരായ കഥാപാത്രങ്ങൾ, പരിചയിച്ച സാഹചര്യങ്ങൾ, കടന്നുപോയ അവസ്ഥകൾ തുടങ്ങിയവയാണ് ഇൗ ചിത്രത്തിൻ്റെ സവിശേഷതകൾ. പുതിയ സംവിധായകനും തിരക്കഥാകൃത്തുക്കളുമൊക്കെയാണ് ഇൗ ചിത്രത്തിന് പിന്നിൽ അണിനിരന്നത്. ഇത്തരമൊരു വ്യത്യസ്തമായ പ്രമേയം സിനിമയാക്കുന്നതിൽ എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. മര്യാദയ്ക്ക് അഭിനയിച്ചില്ലെങ്കിൽ ചവിട്ടിക്കൂട്ടി മൂലയ്ക്കിടുമെന്ന് ഉറപ്പായിരുന്നു. 

അതുകൊണ്ട് തന്നെ കഥാപാത്രത്തെ വിജയിപ്പിക്കാൻ ശാരീരികമായും മാനസികമായി പ്രത്യേക ശ്രമം തന്നെ നടത്തുകയുണ്ടായി. എന്നാൽ, സിനിമ ചിത്രീകരിച്ച് കഴിഞ്ഞപ്പോൾ എല്ലാവരിലും ആത്മവിശ്വാസം നിറഞ്ഞു. പ്രത്യേകിച്ച് നിർമാതാവ് ആഷിഖ് ഉസ്മാനിൽ. വിചാരിച്ച പോലെ തന്നെ ചിത്രം എല്ലാവരും സ്വീകരിച്ചു. താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും വ്യത്യസ്തമാണ് അള്ള് രാമേന്ദ്രനെന്ന് ചാക്കോച്ചൻ വ്യക്തമാക്കി.  2019ൽ ഇത്തരത്തിലൊരു മികച്ച ചിത്രത്തിലൂടെ വിജയത്തുടക്കം നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷവും സംതൃപ്തിയുമുണ്ട്. എന്നും ഒരേ തരം പ്രണയനായകനും കാമുകനുമൊക്കെയായി അഭിനയിച്ച് എനിക്ക് തന്നെ ബോറഡിച്ചു വരുന്ന സമയത്താണ് ഇൗ ചിത്രം തേടിയെത്തിയത്. തികച്ചും റിയലിസ്റ്റിക്കായ ചിത്രമാണ് ഇതെന്നും  ഏറെ ആസ്വദിച്ചാണ് ചിത്രത്തിൽ പ്രവർത്തിച്ചതെന്നും താരം പറഞ്ഞു.

ചാക്കോച്ചനെ നായകനാക്കി നിർമിച്ചിട്ടുള്ള ചിത്രങ്ങളെല്ലാം വിജയിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നിർമാതാവ് ആഷിഖ് ഉസ്മാൻ പറഞ്ഞു. അള്ള് രാമേന്ദ്രൻ കുടുംബത്തിന് മുഴുവൻ ഒന്നിച്ച് ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമാണ്. ഇൗ ചിത്രം വിജയിക്കുമെന്നതിൽ എനിക്ക് യാതൊരു ആശങ്കയുമില്ലായിരുന്നു.

ഗൾഫിലെ നൂറുകണക്കിന് തിയറ്ററുകളിൽ അള്ള് രാമേന്ദ്രൻ പ്രദർശനം തുടങ്ങി. പ്രിമയർ ഷോയ്ക്കും തുടർന്നുള്ള പ്രദർശനങ്ങൾക്കും വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസ് ഡിസ്ട്രിബ്യൂഷൻ്റെ പാർട്ണർമാരായ നൗഫൽ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.