ഉടന്‍ 18 കോടി നല്‍കണം; ‘മാമാങ്കം’ സംവിധായകന് നിര്‍മാതാവിന്റെ നോട്ടീസ്: വിവാദം നീളും

മലയാളം കണ്ട ഏറ്റവും വലിയ സിനിമയാകാൻ ഒരുങ്ങുന്ന മാമാങ്കവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേയ്ക്ക്. സംവിധായകൻ സജീവ് പിളളയുടെ പരിചയക്കുറവും നിസ്സഹകരണവും തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടായതായും 30 ദിവസത്തിനുളളിൽ ഇത് തിരികെ നൽകണമെന്നും കാണിച്ച് നിർമാതാവ് വേണു കുന്നപ്പളളി സംവിധായകൻ സജീവ് പിളളയ്ക്ക് അഭിഭാഷകൻ മുഖേനേ വക്കീൽ നോട്ടീസ് അയച്ചു. 

ഇതിനു പുറമേ താൻ അനുഭവിച്ച മാനസികവ്യഥയ്ക്ക് അഞ്ചു കോടി രൂപ 15 ദിവസത്തിനകം നൽകണമെന്നും തിരക്കഥയ്ക്കും സംവിധാനത്തിനുമായി കൈപ്പറ്റിയിരിക്കുന്ന 21,75000 രൂപ 24 ശതമാനം പലിശയോടു കൂടി 30 ദിവസത്തിനകം തിരികെ നൽകണമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. മൂന്നാം ഷെഡ്യൂൾ ആരംഭിക്കുന്നതിന്റെ തലേദിവസം ഈ മാസം 24 നാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വക്കീൽ നോട്ടീസ് ലഭിച്ച കാര്യം സംവിധായകൻ സജീവ് പിളള മനോരമന്യൂസ് ഡോട്കോമിനോട് സ്ഥിരീകരിച്ചു. 

പരിചയക്കുറവും 'ഗുണമേന്മ ഇല്ലായ്മയും' മൂലം പതിമൂന്ന് കോടിയോളം രൂപയുടെ വലിയ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സംവിധായകന്‍ സജീവ് പിള്ളയെ പുറത്താക്കിയതെന്നായിരുന്നു  വേണു കുന്നപ്പിള്ളി പത്രക്കുറിപ്പിൽ വിശദീകരിച്ചിരുന്നത്. ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുള്ളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നെന്നും വേണു കുന്നപ്പള്ളി പത്രക്കുറിപ്പിൽ ആരോപിച്ചിരുന്നു.

37 ദിവസം സജീവ് പിള്ളക്ക് കീഴില്‍ ചിത്രീകരിച്ച ഫൂട്ടേജുകളില്‍ ഡാന്‍സ് ആൻഡ് ഫൈറ്റ് മാസറ്റേർസ് ചെയ്ത രണ്ട് ഡാന്‍സുകളും ഒരു ഫൈറ്റും അല്ലാതെ മറ്റൊരു ഭാഗവും ഈ സിനിമക്കായി ഉപയോഗിക്കാൻ സാധിക്കില്ലെന്നും നിർമാതാവ് പറയുന്നു.സ്‌ക്രിപ്റ്റിന്‍റെയും സംവിധാനത്തിന്‍റെയും പ്രതിഫലം ചേര്‍ത്ത് 21.75 ലക്ഷം കൈപ്പറ്റിയ ശേഷം സജീവ് പിള്ള നുണകളും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണെന്നും പത്രക്കുറിപ്പിൽ വേണു കുന്നപ്പിളളി ആരോപിച്ചിരുന്നു എന്നാൽ നിർമാതാവിന്റെ ആരോപണങ്ങൾ എല്ലാം സംവിധായകൻ നിഷേധിച്ചു. 

നടൻ ധ്രുവൻ, ക്യാമറമാൻ ഗണേഷ് രാജവേലു, കലാ സംവിധായകൻ സുനിൽ ബാബു, കോസ്റ്റും ഡിസൈനർ അനു വർദ്ധൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ നിന്ന് ഒഴിവാക്കി. കേരളത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴ് കിലോമീറ്റർ തെക്കുമാറി തിരുനാവായ മണപ്പുറത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിൽ നടന്നുവന്ന ഉത്സവമാണിത്. ഇൗ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് സജീവ് പിളള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.