കട്ടൗട്ടില്‍ പാലൊഴിക്കാന്‍ പറഞ്ഞു; പുലിവാല് പിടിച്ച് ചിമ്പു; പൊലീസില്‍ പരാതി

ചിമ്പു എന്ത് തൊട്ടാലും പറഞ്ഞാലും അത് വിവാദമാണ്. ഇപ്പോഴിതാ പുറത്തിറക്കിയ പുതിയ വിഡിയോയും പുലിവാൽ പിടിച്ചിരിക്കുകയാണ്. തന്റെ സിനിമ ഇറങ്ങുമ്പോൾ കട്ടൗട്ടുകളിൽ ബക്കറ്റിൽ പാലൊഴിക്കണമെന്ന് ചിമ്പു പറഞ്ഞതാണ് പ്രശ്നമായിരിക്കുന്നത്. 

ചിമ്പുനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ പാല്‍ വ്യാപാരി അസോസിയേഷന്‍. കുട്ടികള്‍ക്ക് പോലും നല്‍കാന്‍ പാല്‍ തികയാത്ത സാഹചര്യത്തില്‍ കട്ടൗട്ടിലൊഴുക്കാന്‍ മോഷ്ടിക്കുകയാണ്. പാലഭിഷേകം നിരോധിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. പുതിയ ചിത്രം വന്താ രാജാവാ താന്‍ വരുവേൻ റിലീസാകുന്ന ദിവസം ആരാധകരോട് വലിയ രീതിയിൽ ആഘോഷം നടത്തണമെന്ന് ആവശ്യപ്പെട്ട് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പരാതി. 

സിനിമ റിലീസ് ചെയ്യുന്ന ദിവസം കാലങ്ങളായി പിന്തുടരുന്ന ഈ പാലഭിഷേകം നിര്‍ത്തണമെന്ന ആവശ്യവുമായി 2015 മുതല്‍ അധികൃതരെ സമീപിക്കുന്നതാണ്. ഇതുവരെ ഒരു നടനും പാലഭിഷേകം നടത്തണമെന്നു പറഞ്ഞു കൊണ്ട് രംഗത്തു വന്നിട്ടില്ല. ചിമ്പു മാത്രമാണ് ഇങ്ങനെ ചെയ്തത്.

പേട്ടയും വിശ്വാസവും ഒരേ ദിവസം റിലീസ് ചെയ്ത അവസരത്തില്‍ ഒരുപാടു അക്രമങ്ങളുണ്ടായി. പാലഭിഷേകത്തിനിടയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ പാലഭിഷേകത്തെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണ്.രാത്രികാലങ്ങളില്‍ പാല്‍പാക്കറ്റുകള്‍ മോഷ്ടിക്കപ്പെടുന്നുണ്ട്. സിനിമകള്‍ റിലീസ് ചെയ്യുന്ന അന്നു മോഷ്ടിക്കപ്പെടുന്നവയുടെ എണ്ണം കൂടും. ഇപ്പോള്‍ ചിമ്പുവിനെ പോലെയുള്ള നടന്‍മാര്‍ പാലഭിഷേകം ചെയ്യൂ ചെയ്യൂ എന്ന് പറഞ്ഞു രംഗത്തു വരുമ്പോള്‍ പ്രശ്‌നം വീണ്ടു രൂക്ഷമാകും രാത്രി പട്രോളിങ്ങിലൂടെയും മറ്റും പാല്‍ക്കടകള്‍ക്കു കൂടുതല്‍ സുരക്ഷ ഉറപ്പു നല്‍കണമെന്നാണ് പോലീസിനോട് ആവശ്യപ്പെട്ടതായും വ്യാപാരികൾ പറഞ്ഞു.