'താക്കറെ' രാഷ്ട്രീയസിനിമയായി ഒതുങ്ങുന്നതല്ല; മറുപടിയുമായി നവാസുദ്ധീൻ സിദ്ധിഖി

'താക്കറെ' സിനിമയിലെ തൻറെ കഥാപാത്രത്തെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ധിഖി. എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. എന്നാൽ, എല്ലാത്തിനും കഴമ്പുണ്ടാകണമെന്നില്ല.. 'താക്കറെ', കേവലം ഒരു രാഷ്ട്രീയസിനിമയായി വിലയിരുത്തേണ്ടെന്നും നവാസുദ്ധീൻ മനോരമ ന്യൂസിനോട്പറഞ്ഞു. അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിനിറ‍ഞ്ഞ കഥാപാത്രമാണ് താക്കറെയിലേതെന്ന് നടി അമൃതറാവു അഭിപ്രായപ്പെട്ടു. 

സിനിമ പുറത്തിറങ്ങുംമുൻപേ ഉയർന്ന ആരോപണങ്ങൾക്കാണ് നവാസുദ്ധീൻ മറുപടിപറയുന്നത്. "ചില അജണ്ടകളോടെ ഒരു തീവ്രഹിന്ദുനേതാവിനെ, മുസ്‍ലിമായ യുപിക്കാരൻ വെളളിത്തിരയിൽ അവതരിപ്പിക്കുന്നത് കാവ്യനീതി"യെന്നായിരുന്നു തമിഴ്നടൻ സിദ്ധാർഥിൻറെ വിമർശനം. എന്നാൽ, എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് വാഖ്യാനിച്ച് അത്തരം ആരോപണങ്ങളെയെല്ലാം തള്ളുകയാണ് നവാസുദ്ധീൻ. 

'പൊളിറ്റിക്കൽ സിനിമ' എന്നഗണത്തിൽ മാത്രം ഒതുങ്ങുന്നതല്ല 'താക്കറെ'. സിനിമയെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ട്. 

അഭിനയജീവിതത്തിലെ വെല്ലുവിളിനിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും 'താക്കറെ'യിലേതെന്ന് നവാസുദ്ധീനും, ഒപ്പം ബാൽതാക്കറെയുടെ ഭാര്യ മിനതാക്കറെയുടെ വേഷംചെയ്യുന്ന അമൃതറാവുവും പറയുന്നു. കേരളത്തിലടക്കം റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമ വയാകോം 18ഉം കാർണിവൽ മോഷൻപിക്ചേഴ്സും ചേർന്നാണ് പുറത്തിറക്കുന്നത്.