സെൽഫിക്ക് വന്ന ആരാധകനോട് വിക്രം ദേഷ്യപ്പെട്ടോ? ഇല്ലെന്ന് ഈ വിഡിയോ പറയും

പൊതുവേദികളിൽ സൗമ്യത കൈവിടാത്ത താരമാണ് വിക്രം. ചെറുവേഷങ്ങളിൽ സിനിമയിലെത്തി ഒരുപാട് കഷ്ടപ്പെട്ട് ഉയരങ്ങളിൽ എത്തിയതു കൊണ്ടാകാം സാധാരണക്കാരുടെ വികാരങ്ങൾ പെട്ടെന്ന് അദ്ദേഹത്തിനു മനസിലാകുന്നതും. പ്രമുഖ ചാനലിന്റെ അവാർഡ് പുരസ്കാര സമർപ്പണ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തിയ ആരാധകനൊപ്പം സെൽഫിയെടുത്ത് മാതൃക കാട്ടിയിരുന്നു.

എന്നാൽ സമൂഹമാധ്യമങ്ങളിൽ വിക്രം സെൽഫിയെടുക്കാൻ വന്ന ആരാധകനോട് ദേഷ്യപ്പെട്ടു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സെൽഫി എടുക്കാൻ അരികിലെത്തിയ ആരാധകനെ ചൂടോടെ പറപ്പിക്കുന്ന വിക്രത്തിന്റെ വിഡിയോ എന്ന ശീർഷകത്തിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയും െചയ്തു. 

ചെന്നൈയിൽ ജിം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു താരം. നൂറുകണക്കിന് ആരാധകർ താരത്തെ ഒരുനോക്ക് കാണാൻ എത്തിയിരുന്നു. എല്ലാവർക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത താരം അതീവസന്തോഷവാനുമായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ജിം സന്ദർശിക്കുന്നതിനിടെയാണ് ആരാധകരിൽ ഒരാൾ വിക്രത്തിന് അരികിലേയ്ക്ക് ഓടിയെത്തി സെൽഫി എടുക്കാൻ ശ്രമിച്ചത്. തന്നോട് അനുവാദം വാങ്ങാതെ വന്നതിനാലാകും ആ ആരാധകനെ സൗമ്യനായി വിക്രം മാറ്റി നിർത്തി. എന്നാൽ താരം ആരാധകനോട് ദേഷ്യപ്പെട്ടു എന്ന തരത്തിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സംഭവത്തിൽ വിക്രത്തിന് പിന്തുണയുമായി ആരാധകര്‍ തന്നെ എത്തി. സെൽഫി എടുക്കുമ്പോൾ ആരോടാണെങ്കിലും അനുവാദം ചോദിക്കണമെന്നും ഇതിൽ വിക്രത്തെ കുറ്റംപറയാനാകില്ലെന്നും ആരാധകർ പറയുന്നു.