ആവേശമേറ്റി മധുരരാജ ഫസ്റ്റ്ലുക്ക്; മമ്മൂട്ടിയുടെ 9 ഇയർ ചലഞ്ചെന്ന് വാഴ്ത്ത്; വൈറൽ

ആരാധകരെ ആവേശം കൊള്ളിച്ച് മമ്മൂട്ടിച്ചിത്രം മധുരരാജയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന ചിത്രം ഇതേ സിനിമയുടെ തുടർച്ചയാണ്. പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വർഷങ്ങൾക്കിപ്പുറം എത്തുന്ന ചിത്രം മമ്മൂട്ടിയുടെ 9 ഇയർ ചലഞ്ച് ആണെന്നാണ് ആരാധകർ പറയുന്നത്. 

വൻബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്ര‍ം കൂടിയാണ് മധുരരാജ. പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നു. 

അനുശ്രീ, മഹിമ നമ്പ്യാർ , ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ,സലിം കുമാർ, അജു വർഗീസ്, ധർമജൻ , ബിജു കുട്ടൻ, സിദ്ധിഖ്, എം. ആർ ഗോപകുമാർ, കൈലാഷ്,ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. 

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്സ് ഗ്രാഫിക്സ് വിദഗ്ദ്ധർ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. ഒരേ സമയം മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസിനെത്തും.

നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന ചിത്രം യു.കെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും.