സിനിമ തിരുത്തില്ല; ‘ശ്രീദേവി’ ആരോപണം തള്ളാതെ സംവിധായകന്‍: വിവാദം കത്തും

ബോളിവുഡ് സിനിമ 'ശ്രീദേവി ബംഗ്ലാവി'നെതിരായ കപൂർകുടുംബത്തിന്‍റെ നീക്കം നിയമപരമായി നേരിടുമെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി. ബോണി കപൂർ അയച്ച വക്കീൽനോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്നും സംവിധായകൻ മനോരമ ന്യൂസിനോട് പറഞ്ഞു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി സിനിമയ്ക്ക് സാമ്യമുണ്ടെന്നാണ് ആരോപണം. 

ടീസർ പുറത്തെത്തിയതിന് പിന്നാലെയാണ് 'ശ്രീദേവി ബംഗ്ലാവി'നെതിരായ വിവാദംകൊഴുത്തതെങ്കിലും, സിനിമയ്ക്കെതിരായ നീക്കം നേരത്തെതന്നെ തുടങ്ങിയിരുന്നെന്നാണ് സംവിധായന്‍ പ്രശാന്ത് മാമ്പുള്ളി വ്യക്തമാക്കുന്നത്. അന്തരിച്ച പ്രമുഖനടി ശ്രീദേവിയുടെ പേര് ദുരുപയോഗംചെയ്യുന്നുവെന്ന് കാട്ടിയാണ്, ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചത്. 

അതിന് മറുപടി അപ്പോൾതന്നെ നൽകി. വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ സിനിമയില്‍ തിരുത്തലുകളുണ്ടാകില്ല. നിയമപരമായിതന്നെ ആരോപണങ്ങളെ നേരിടും. 

അതേസമയം, നടി ശ്രീദേവിയുടെ ജീവിതവുമായി കഥയ്ക്ക് യാതൊരുബന്ധവുമില്ലെന്ന് ഉറപ്പിച്ചുപറയാൻ സംവിധായകൻ തയ്യാറല്ല. അതിനാൽ വിവാദങ്ങൾ തുടരുമെന്ന് തീർച്ച. ഷൂട്ടിങ് പൂർത്തിയാക്കി അടുത്ത ഏപ്രിലിൽ ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം.