മകനു മുന്നില്‍ അര്‍ബുദം തോറ്റു; വികാരാധീനനായി ഇമ്രാൻ ഹാഷ്മി

5 വർഷത്തെ പോരാട്ടത്തിനു ശേഷം മകൻ അർബുദരോഗ വിമുക്തനായതിൻറെ സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി. 

''ക്യാന്‍സർ സ്ഥിരീകരിച്ച് 5 വർഷങ്ങൾക്കിപ്പുറം അയാൻ അർബുദരോഗ വിമുക്തനായിരിക്കുന്നു. വലിയൊരു യാത്രയായിരുന്നു. എല്ലാവരുടെയും പ്രാർത്ഥനക്കും സ്നേഹത്തിനും നന്ദി. അര്‍ബുദത്തോടു പോരാടുന്ന എല്ലാവർക്കും എൻറെ സ്നേഹവും പ്രാർത്ഥനയും. വിശ്വാസവും പ്രതീക്ഷയും നമ്മെ ഏറെ മുന്നോട്ടു കൊണ്ടുപോകും. നിങ്ങൾക്കും ഈ യുദ്ധം വിജയിക്കാം'', ഇമ്രാൻ ഹാഷ്മി സമൂഹമാധ്യമത്തിൽ കുറിച്ചു. 

2014 ല്‍ ആണ് ഇമ്രാൻറെ മകൻ നാല് വയസ്സുകാരൻ അയാന്‍ ഹഷ്മിയില്‍ ഡോക്ടര്‍മാര്‍ അര്‍ബുദം സ്ഥിരീകരിച്ചത്. 'ദ കിസ്സ് ഓഫ് ലൗ' എന്ന പേരില്‍ അര്‍ബുദം ബാധിച്ച മകന്റെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും വിവരിക്കുന്ന ഒരു പുസ്തകം ഇമ്രാന്‍ ഹഷ്മി പുറത്തിറക്കിയിരുന്നു. അർബുദരോഗബാധിതർക്ക് പ്രചോദനമേകുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നു പുസ്തക രചന. 

തന്നെ മാനസികമായി ഏറെ തളര്‍ത്തിയ ദിവസങ്ങളായിരുന്നു അതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്.