ഗംഗയിലെ ഭ്രാന്തിയെ തിരിച്ചറിഞ്ഞ ആ സീൻ വെല്ലുവിളി; ‘താഴിട്ട’ രഹസ്യങ്ങള്‍: ഫാസിൽ

തിയറ്ററുകളിൽ പ്രേക്ഷകർ ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കണ്ട് ചിത്രമായിരുന്നു മോഹൻലാൽ നായകനായ മണിച്ചിത്രത്താഴ്. ചിരിയും സസ്പെൻസും നൃത്തവും കോർത്തിണക്കിയ ചിത്രം ഇന്നും മലയാളികളെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു. സൈക്കോ ത്രില്ലറുകൾ നിരവധി മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും മണിച്ചിത്രത്താഴ് മറ്റൊരു വേർഷൻ തന്നെയായിരുന്നു എന്നതിൽ തർക്കമില്ല. 

ഒരു സിനിമയെടുക്കുമ്പോൾ തന്നെ അതു കാലത്തെ അതിജീവിക്കുമെന്ന തോന്നൽ എന്നിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതു മണിച്ചിത്രത്താഴ് എന്ന സിനിമയിൽ മാത്രമാണ്, ഫാസിൽ പറയുന്നു. അങ്ങനെയൊരു തോന്നൽ ഉണ്ടായതിൽ കുറ്റപ്പെടുത്തരുത്. കാരണം അങ്ങനെ ഒരു തോന്നൽ എന്നിലുണ്ടായിരുന്നു. ഫാസിൽ പുഞ്ചിരിയോടെ പറഞ്ഞു. മനോരമ ന്യൂസിന്റെ ‘താഴിട്ട കാൽ നൂറ്റാണ്ട്’ എന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഫാസിൽ.

സിനിമ പല കലകളുടെ സമ്മിശ്രമാണ്. ആ കലകളോട് എത്രത്തോളം നീതിപുലർത്തുന്നുവോ അത്രത്തോളം ഉദാത്തമാകും സിനിമയും. മണിച്ചിത്രത്താഴിൽ ഒരുപാടു കലകൾ സമന്വയിച്ചിട്ടുണ്ട്. അതിൽ ഓരോന്നിലും നൂറുശതമാനം നീതി പുലർത്തിയിട്ടുണ്ട്. സിനിമയുടെ പശ്ചാത്തലസംഗീതം ജോൺസൺ ആണ്. ഒരു ജാസോ, ഡ്രംസോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഒന്നും ഉപയോഗിക്കാതെ വെറും വീണ വായിച്ചാണ് അദ്ദേഹം സംഗീതത്തിന്റെ ഭീകരത സൃഷ്ടിച്ചത്. അഴിയിട്ട മുറിയിലൂടെ മോഹൻലാൽ തിളക്കമുള്ള കണ്ണുകളോടെ നോക്കുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുന്ന വീണയുടെ ശബ്ദമാണ് ഭീകരതയുടെ ഗാംഭീര്യം കൊണ്ടു വരുന്നത്, ഫാസിൽ വ്യക്തമാക്കി

സൈക്കോത്രില്ലറായ ഒരു സിനിമ ഗ്രാഫിക്സോ മറ്റു നവസാധ്യതകളോ ഇല്ലാതെ കലാസംവിധാനം, ക്യാമറ, പശ്ചാത്തല സംഗീതം എന്നിവയുടെ മികവിൽ പൂർത്തീകരിക്കാൻ സഹായിച്ച സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഫാസിൽ വാചാലനായി. ഒരു സിനിമ എടുക്കുമ്പോൾ അതിലൊരു സസ്പെൻസ് ഉണ്ടാകും. അതു പൊളിയാതെ വേണം ചിത്രം കൊണ്ടു പോകാൻ. മണിച്ചിത്രത്താഴിൽ ഗംഗയിലെ മനോരോഗിയെ ഡോക്ടർ സണ്ണി തിരിച്ചറിയുന്നത് തെക്കിനിയിൽ വച്ചു ഗംഗ ആഭരണങ്ങൾ കാണിച്ചു കൊടുക്കുമ്പോഴാണ്.

യഥാർത്ഥത്തിൽ സിനിമയുടെ സസ്പെൻസ് അവിടെ പൊളിയും. എന്നാൽ, സിനിമയുടെ സാങ്കേതികത നമ്മെ രക്ഷിക്കാനെത്തും. ആ രംഗത്തു ഞാൻ ക്യാമറ വെയ്ക്കാൻ നിർദേശിച്ചത് ഗംഗയുടെ പിൻഭാഗത്താണ്. ഗംഗയുടെ മുഖം അതിൽ വ്യക്തമല്ല. ഗംഗയിൽ നിന്നു സ്ഫുരിക്കുന്ന ഭ്രാന്തിന്റെ ലക്ഷണങ്ങൾ മോഹൻലാലിന്റെ മുഖത്തെ ഭാവങ്ങളിലൂടെ പ്രകടമാകരുത്. അതുകൊണ്ട്, അവിടെ ഷാഡോ ഇടാൻ ക്യാമറമാനോടു പറഞ്ഞു. അങ്ങനെ അവിടെ ഷാഡോ ഇട്ടു മോഹൻലാലിന്റെ മുഖവും അൽപം മറച്ചു.

ഏറ്റവും ഒടുവിലാണ് മോഹൻലാലിനെ തീരുമാനിക്കുന്നത്. കുറച്ചു വർഷത്തെ പ്രവർത്തിപരിചയമുള്ള മനോരോഗ വിദഗ്ദരെ സാധാരണ കാണുമ്പോൾ അവർക്ക് അൽപം വട്ടുണ്ടോ എന്നു നമുക്ക് തോന്നിപ്പോകും. ഇത്രയും ഗഹനമായ കഥ പറയുമ്പോൾ അതിനെ നർമ്മത്തിലൂടെ കൊണ്ടുപോകുന്ന ഒരു മനോരോഗ വിദഗ്ദനെയാണ് എനിക്കു വേണ്ടിയിരുന്നത്. അങ്ങനെയാണ് മോഹൻലാലിലേക്ക് എത്തുന്നത്, ഫാസിൽ വെളിപ്പെടുത്തി.