‘ചപ്പാത്തി ചോദിച്ചു‌; വേണേൽ ചോറ് കഴിക്കെടാ’; പലകുറി അപമാനിക്കപ്പെട്ടു: ടൊവിനോ

ആദ്യമായി ഒരു സിനിമയിൽ മുഖം കാണിക്കാൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ടൊവിനോ തോമസ്. മലയാള സിനിമക്ക് പറ്റിയ മുഖമല്ല എന്നുപോലും പറഞ്ഞവരുണ്ട്. പലപ്പോഴും അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും ടൊവിനോ മനോരമ ന്യൂസ് നേരെ ചൊവ്വെയിൽ പറഞ്ഞു. 

സിനിമ എന്നതുതന്നെ ഒരു പോരാട്ടമാണ്. ആദ്യമായി ഒരു സിനിമയിൽ മുഖം കാണിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പേരെ കണ്ടു. മലയാളസിനിമക്ക് പറ്റിയ മുഖമല്ലെന്ന് പോലും പറഞ്ഞവരുണ്ട്. സംവിധായകരെന്ന് സ്വയം പരിചയപ്പെടുത്തിയ ചില വ്യാജന്മാരെയും കണ്ടിട്ടുണ്ട്. അവസരം വേണമെങ്കിൽ പണം വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. വീട്ടിൽ വലിയ താത്പര്യമുണ്ടായിട്ടല്ല സിനിമയിൽ അഭിനയിക്കാൻ വരുന്നത്, കയ്യിൽ പണമില്ല എന്നുപറഞ്ഞപ്പോൾ എത്ര തരാൻ പറ്റും എന്ന് ചോദിച്ചവരുണ്ട്. 

ഒടുവിൽ മുഖം കാണിക്കാൻ പറ്റി. മുഖം കാണിച്ചശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോൾ, 'അപ്പുറത്ത് ചോറുണ്ടാകും, വേണമെങ്കിൽ പോയി കഴിക്കെടാ' എന്ന് പറഞ്ഞവരുണ്ട്. മേക്കപ്പ് മാറ്റാന്‍ മുഖം തുടക്കാൻ വെറ്റ് ടിഷ്യു ചോദിച്ചപ്പോൾ 'പൈപ്പുവെള്ളത്തിൽ കഴുകിക്കളയെടാ' എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്. 

എല്ലാക്കാലത്തും അപമാനിക്കപ്പെട്ടിട്ടുണ്ട്. വേറൊരു തരത്തിൽ അതൊക്കെ ഊർജമായിട്ടുണ്ട്. കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന് ചീത്ത വിളിച്ചവരുണ്ട്. ഇതെല്ലാം ഞാൻ ഓർത്തുവെക്കാറുണ്ട്. ആർക്കുമുള്ള മുന്നറിയിപ്പല്ല ഇത്. എന്നെ അപമാനിച്ചവരോട് മാന്യമായായാണ് ഇപ്പോൾ പെരുമാറുന്നത്. അവരെക്കാൾ നല്ല നിലയിലാണ് ഞാനിപ്പോൾ ഉള്ളത്. അതുകൊണ്ട് അവരോട് മോശമായി പെരുമാറി പ്രതികാരം ചെയ്യണം എന്നൊന്നുമില്ല. മാന്യമായി പെരുമാറുന്നതിലുമുണ്ടല്ലോ ഒരു മധുരപ്രതികാരം–ടൊവിനോ പറഞ്ഞു. കടന്നുവന്ന വഴികളെക്കുറിച്ച് ടൊവീനോ വിശദമായി സംസാരിക്കുന്നു അഭിമുഖത്തില്‍. വിഡിയോ കാണാം.